കണ്ണൂർ:എഴുപതിലെത്തിയ കതിരൂർ ഷമീമയും അഞ്ചു വയസുകാരി കുഞ്ഞു ഷമീമയും ദിവസങ്ങൾ എണ്ണിത്തീർക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൗതുകത്തിനും കാത്തിരിപ്പും വിരാമമിട്ട് അവർ ഇന്ന് പറന്നുയരുകയാണ് - കണ്ണൂരിൽ നിന്നും ബംഗളൂരിലേക്ക്.
കണ്ണൂരിൽ വിമാനത്താവളത്തിന്റ ഒരുക്കങ്ങൾ തുടങ്ങിയതു തൊട്ട് അത്താണിയിലുള്ളവരുടെ ആഗ്രഹമായിരുന്നു വിമാനത്തിൽ കയറി ഒരു യാത്ര. കഴിഞ്ഞ വർഷം പോയ ഒരു യാത്രയിൽ അന്തേവാസികളായവർ നമുക്ക് അടുത്ത പ്രാവശ്യം വിമാനത്തിൽ കയറി ഒരു യാത്ര പോകണമെന്ന് സെക്രട്ടറി ഷമീമയോട് പറയുകയായിരുന്നു. വിമാനത്താവളത്തിന്റ ഉദ്ഘാടനവും കൂടി പൂർത്തിയായതോടെ പിന്നെ അത് സ്ഥിരം പല്ലവിയായി.
ഒടുവിൽ അവരുടെ ആഗ്രഹം നിറവേറ്റാൻ തന്നെ തീരുമാനിച്ചു ഷമീമയും അത്താണിയുടെ മറ്റ് ഭാരവാഹികളും. 2019 ജനുവരിയിലെ അവസാന ശനിയാഴ്ച വിമാനത്തിൽ കയറി പറക്കാമെന്ന് ഷമീമ ടീച്ചർ ഉറപ്പ് നൽകിയപ്പോൾ അത് റിപബ്ലിക് ദിനത്തിലായിരിക്കുമെന്ന് ടീച്ചറും പ്രതീക്ഷിച്ചിരുന്നില്ല. ഭാരവാഹികൾ സ്വന്തം ചെലവിലാണ് അന്തേവാസികളുടെ വിമാന യാത്രയെന്ന സ്വപ്നം നിറവേറ്റുന്നത്. ഒാരോ അന്തേവാസികളെയും ഒരോ ഭാരവാഹികളാണ് സ്പോൺസർ ചെയ്യുന്നത്.
ബംഗളൂരു നാഷണൽ പാർക്ക്, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ, ഫോറം ഹാൾ എന്നിവടം ചുറ്റിക്കറങ്ങി തിരിച്ച് നാട്ടിലെത്തും. മൊത്തം 63 പേരാണ് യാത്ര തിരിക്കുന്നത്. ഇതിൽ 30 അന്തേവാസികളും ബാക്കി ജീവനക്കാരുമാണ്. എല്ലാ വർഷത്തിലും രണ്ട് യാത്രകൾ പതിവാണെങ്കിലും ഈയാത്ര ജീവനക്കാർക്കും അന്തേവാസികൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്.