ചെറുവത്തൂർ: ഏറെ വാഹനത്തിരക്ക് അനുഭവപ്പെടുന്ന ചെറുവത്തൂർ നഗരത്തിൽ ട്രാഫിക് നിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ ഇല്ലാത്തത് സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നു. ടൗണിന്റെ കണ്ണായ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ വാഹന നിയന്ത്രണം പലപ്പോഴും പാളുകയാണ്.
ഡ്രൈവർമാർ സ്വയം നിയന്ത്രിച്ചു പോകുന്നതിനിടയിൽ വാക്കേറ്റവും കശപിശയും നിത്യസംഭവമാകുകയാണ്. നീലേശ്വരം ഭാഗത്തുനിന്നും കാലിക്കടവ് ഭാഗത്തുനിന്നും മടക്കര, പടന്ന, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പടിഞ്ഞാറൻഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ ആശ്രയിക്കുന്ന സ്ഥലമാണ് സ്റ്റേഷൻ റോഡ് ജംഗ്ഷൻ. മൂന്ന് ഭാഗങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെ നിര ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ്.
ട്രാഫിക് നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇല്ലാത്തതിനാൽ നാട്ടുകാർ ഒരു ഒഴിഞ്ഞവീപ്പ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനെ ആശ്രയിച്ചാണ് ഗതാഗതം നിയന്ത്രിക്കപ്പെടുന്നത്. ടൗണിലെ മരങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റി റോഡിന്റെ വീതി 50 മീറ്ററോളം വിപുലീകരിച്ചതോടെ തെക്കോട്ടും വടക്കോട്ടും വാഹനങ്ങളുടെ ഓട്ടം നിയന്ത്രണാതീതമാണ്. സീബ്രാലൈനോ മറ്റു അടയാളങ്ങളോ, ഇരു ഭാഗങ്ങളിലേക്കുമായി റോഡ് അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്തത് കാൽനടയാത്രക്കാരായ പൊതുജനങ്ങളെയും ബാധിക്കുന്നു. സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ ട്രാഫിക് സർക്കിൾ സംവിധാനമോ മറ്റെന്തെങ്കിലും നിയന്ത്രണങ്ങൾ ഒരുക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചെറുവത്തൂർ നഗരത്തിലെ സ്റ്റേഷൻ റോഡ് ജംഗ്ഷൻ