പയ്യന്നൂർ: മാരക മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം പയ്യന്നൂർ പുതിയ ബസ്സ് സ്റ്റാൻഡിനടുത്ത കണ്ടങ്കാളി റോഡിൽവച്ചാണ് സംഭവം.തായിനേരി അബൂബക്കറിന്റെ മകൻ അസീബ് ബക്കർ (29) ആണ് പിടിയിലായത്. യുവാവിൽ നിന്ന് 2.160 ഗ്രാം മെത്തഡിൻഡിയോക്‌സിൻ മെത്ത് ആംഫിറ്റാമിൻ മയക്കുമരുന്നാണ് എക്‌സൈസ് പയ്യന്നൂർ റേഞ്ച് ഇൻസ്‌പെക്ടർ വി.വി.പ്രഭാകരന്റെ നേതൃത്വത്തിൽ പിടികൂടിയത്.മാരക ഇനത്തിൽപ്പെട്ട മയക്കുമരുന്നാണിതെന്ന് അധികൃതർ പറഞ്ഞു. ബംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.നേരത്തെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം എത്തിപിടികൂടിയത്. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എ.അസീസ്, സി.ഒമാരായ ബാലകൃഷ്ണൻ, ജനാർദ്ദനൻ, ഷിജു, നികേഷ് എന്നിവരും ഉണ്ടായിരുന്നു.