jaiva

തലശ്ശേരി: കാലാവസ്ഥ വ്യതിയാനത്തിന്റെ ആപത്ത് സൂചനകൾ കേരളത്തിലും കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറുന്നു. ഉത്തരേന്ത്യയിൽ ചൂടേറിയ പ്രദേശങ്ങളിൽ കാണാറുള്ള റോസിപാസ്റ്റർ പക്ഷികളെ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളം കണ്ടുവരുന്നു. വിഷുവിന് മാത്രം പൂത്തിരുന്ന കൊന്ന. ഇപ്പോൾ ഏതുകാലത്തും കാണാമെന്നായി. അന്തരീക്ഷ താപനില കൂടുകയാണ്. ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള ബി.എം.സികൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരൾച്ചയെ നേരിടുന്നതിന് യോജിച്ച കാസർകോട് ഇനമായ 'വെള്ളത്തൂവൽ' നെല്ല് പറയിലേക്ക് നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പി.കെ. ശ്രീമതി എം.പി, എം.എൽ.എമാരായ ജെയിംസ് മാത്യു എ.എൻ. ഷംസീർ, സി. കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, എ.ഡി.ജി.പി ഡോ. ബി.സന്ധ്യ, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം, വാർഡ് അംഗം ഗീത, സ്വാഗതസംഘം ചെയർമാൻ പി. ബാലൻ, കില ഡയറക്ടർ ജോയ് ഇളമൺ, ജൈവവൈവിധ്യ ബോർഡ് അംഗം ഡോ. കെ. സതീഷ് കുമാർ, ഡോ. ടി.എസ്. സ്വപ്‌ന എന്നിവർ സംസാരിച്ചു. ജൈവവൈവിധ്യ ബോർഡ് തയ്യാറാക്കിയ പഠന റിപ്പോർട്ട് ഡോ. എസ്.സി. ജോഷി മുഖ്യമന്ത്രിക്ക് കൈമാറി. ബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി സ്വാഗതവും ബോർഡ് അംഗം കെ.വി. ഗോവിന്ദൻ നന്ദിയും പറഞ്ഞു.