നീലേശ്വരം: കഴിഞ്ഞ രണ്ടരവർഷമായി നീലേശ്വരം താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ഗൈനക്കോളജിസ്റ്റിനെ സ്ഥലം മാറ്റിയതോടെ ആശുപത്രിയിലെത്തുന്ന ഗർഭിണികളടക്കമുള്ള സ്ത്രീകൾക്ക് വിദഗ്ധ ചികിത്സ അപ്രാപ്യമാകുന്നു.

നിലവിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം മാറ്റിയത്. ഈ ഡോക്ടർ ആഴ്ചയിൽ മൂന്ന് ദിവസം നീലേശ്വരം താലൂക്ക് ആശുപത്രിയിലും മറ്റുദിവസങ്ങളിൽ ജില്ലാ ആശുപത്രിയിലുമാണ് ജോലി ചെയ്തിരുന്നത്. 24 മണിക്കൂറും ഒരാൾ ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം ചെയ്യുന്നത് അധികഭാരമാകും എന്ന കാരണത്താലാണ് ഇവരെ വകുപ്പ് അധികൃതർ ഇപ്പോൾ തൃക്കരിപ്പൂരിലേക്ക് സ്ഥലം മാറ്റിയത്.

വർഷങ്ങൾക്ക് മുമ്പെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് തുറന്നിരുന്നുവെങ്കിലും ഇവിടേക്ക് വന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനറി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗർഭിണികളെ ഇവിടെ കിടത്തി ചികിത്സിക്കാറുമില്ല. അതുകൊണ്ട് തന്നെ ഇവിടെ വരുന്ന ഗർഭിണികൾക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

2010ൽ അന്നത്തെ തൃക്കരിപ്പൂർ എം.എൽ.എയുടെ പരിശ്രമഫലമായാണ് നീലേശ്വരത്തും തൃക്കരിപ്പൂരും താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നീലേശ്വരത്ത് ഇതുവരെ പ്രാവർത്തികമായിട്ടില്ല. നീലേശ്വരത്തും അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.