കാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണാ നടപടി ക്രമങ്ങൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഫെബ്രുവരി 23 ന് ആരംഭിക്കും. കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം വിചാരണാ തീയതി പ്രഖ്യാപിക്കും.

എം.എം അബ്ദുൽ ഖാദർ, എം.എം അബ്ദുൽ അസീസ്, അബ്ദുൽ അർഷാദ്, പി.അബ്ദുൽ അസീസ് എന്നിവരാണ് സുബൈദ വധക്കേസിലെ പ്രതികൾ. രണ്ടാം പ്രതി അബ്ദുൽ അസീസ് മോഷണക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സുള്ള്യ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടിരുന്നു. അബ്ദുൽ അസീസിനെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമായി നടത്തുന്നുണ്ടെന്ന് പ്രൊസിക്യൂഷൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം വായിക്കുന്നത് കോടതി ഫെബ്രുവരി 23ലേക്ക് മാറ്റിയത്. അടുത്ത വിചാരണാതീയതിക്കകം അബ്ദുൽ അസീസിനെ പൊലീസ് ഹാജരാക്കിയില്ലെങ്കിൽ ഒന്ന്, മൂന്ന്, നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടരാൻ കോടതി തീരുമാനിച്ചു. ആയമ്പാറയിലെ വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന സ്ത്രീയെ സ്വത്ത് വിൽപ്പനക്കാർ എന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചു കടന്ന സംഘം സുബൈദയെ കൊലപ്പെടുത്തുകയും മോഷണം നടത്തി രക്ഷപ്പെടുകയുമായിരുന്നു.