കണ്ണൂർ: തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്ക് ചെറു സംരംഭങ്ങൾ തുടങ്ങാനായി തൊഴിൽ വകുപ്പ് കൊണ്ടുവന്ന 'കൈവല്യ വായ്പ' പദ്ധതിക്ക് വൈകല്യം ബാധിച്ച അവസ്ഥ. സംസ്ഥാന തൊഴിൽ വകുപ്പ് 2016 ൽ തുടങ്ങിയ പദ്ധതിയിൽ 9000 പേർ അപേക്ഷ നൽകിയെങ്കിലും
ഇതുവരെ സഹായം കിട്ടിയത് വെറും 631 പേർക്കാണ്. ഫണ്ടില്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
പദ്ധതി പ്രകാരം പരമാവധി 50,000 രൂപ വരെയാണ് ഒരാൾക്ക് അനുവദിക്കുക. അഞ്ചുവർഷംകൊണ്ട് 25,000 രൂപ തിരിച്ചടച്ചാൽ മതിയെന്നാണ് വ്യവസ്ഥ. സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാതെ ജീവിക്കുന്നവരാണ് അപേക്ഷകരിൽ ഭൂരിഭാഗവും. നടക്കാൻ കഴിയാത്തവരും വീൽചെയറിൽ സഞ്ചരിക്കുന്നവരും ഏറെ പ്രയാസപ്പെട്ടാണ് എംപ്ലോയ്മെന്റ് ഓഫീസുകളിൽ കയറിയിറങ്ങി അപേക്ഷ സമർപ്പിച്ചത്. അഞ്ച് ദിവസത്തെ സംരംഭകത്വ ക്ലാസുകളിലും ഇവർ പങ്കെടുത്തു. ചെയ്യാൻ കഴിയുന്ന സ്വയം തൊഴിൽ സംരംഭം കണ്ടെത്തി അപേക്ഷകർ പ്രൊപ്പോസൽ സമർപ്പിക്കണം. ഇതിന് രേഖകൾ തയ്യാറാക്കാനും യാത്രകൾക്കുമായി ഒരാൾക്ക് 3000 രൂപവരെ ചെലവായെന്ന് അപേക്ഷകർ പറയുന്നു.
പദ്ധതി ഇങ്ങനെ
വായ്പതുകയുടെ 50 ശതമാനം, പരമാവധി 25000 രൂപ വരെയാണ് സബ്‌സിഡി. പലിശരഹിത വായ്പയാണ് .
കച്ചവടം, സേവനം, ലഘുനിർമാണ യൂണിറ്റ്, കൃഷി എന്നീ മേഖലകളിൽ നിന്നു സംരംഭങ്ങൾ തിരഞ്ഞെടുക്കാം
കൈവല്യ പദ്ധതിക്കായി കിട്ടിയ ഒരു കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. കുറഞ്ഞത് 30 കോടിയെങ്കിലും കിട്ടിയാലെ മുഴുവൻ അപേക്ഷകർക്കും കൊടുത്തു തീർക്കാൻ കഴിയൂ. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടിയാലുടൻ വിതരണം ചെയ്യും.
-കെ.എസ്. ഹരികുമാർ
ഡെപ്യൂട്ടി ഡയറക്ടർ
എംപ്ളോയ്മെന്റ് ഡയറക്ടറേറ്റ്
കൈവല്യ വായ്പാ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് ഭിന്നശേഷിക്കാരുടെ ദുരിതം പരിഹരിക്കണം.
-രാജീവ് പള്ളുരുത്തി
ജനറൽ സെക്രട്ടറി
സംസ്ഥാന വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ