കണ്ണൂർ: കാട്ടാന ശല്യം തടയാൻ ആറളം വന്യജീവി സങ്കേതത്തിൽ ആനമതിലും വൈദ്യുതി വേലിയും സ്ഥാപിക്കുന്നതിനുള്ള ചെലവ് 30 കോടി എന്നറിഞ്ഞ വനം വകുപ്പ് ഞെട്ടി. പണമില്ലാതെ നട്ടം തിരിയുന്ന സർക്കാരിന് ഇത്രയുംതുക എവിടുന്ന് കിട്ടുമെന്നാണ് വനംവകുപ്പിന്റെ വേവലാതി. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയോട് പട്ടികജാതി വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആറളം ബ്ളോക്ക് ഒമ്പതിലെ കാളികയം മുതൽ 11ലെ ഫാം പെട്രോൾപമ്പ് വരെയുള്ള ദൂരത്തിലാണ് വന്യജീവി സങ്കേതത്തിന് അതിരിട്ട് പ്രതിരോധ വേലി തീർക്കുന്നത്. വനം മാത്രം അതിർത്തിയുള്ള 10.5 കിലോ മീറ്ററിൽ ആനമതിലും പുഴ അതിരിടുന്ന ആറ് കിലോ മീറ്ററിൽ വൈദ്യുതി വേലിയും തീർക്കാനാണ് പദ്ധതി.
ആനത്താരകൾ നഷ്ടമായതിനൊപ്പം വനനശീകരണം കൂടുകയും ചെയ്തതോടെയാണ് കാട്ടാനശല്യം രൂക്ഷമായതെന്ന് വനം വകുപ്പ് ഉന്നതോദ്യോഗസ്ഥർ പറയുന്നു. മിക്ക ജില്ലകളിലും വന്യമൃഗശല്യമുണ്ടെങ്കിലും വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, കാസർകോട് ജില്ലകളിലാണ് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം കൂടുതലും. കാട്ടാനകളുടെ ആക്രമണത്തിൽ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് മുപ്പതോളം പേരാണ്. പരിക്കേറ്റവർ നൂറിലേറെ വരും.
പരീക്ഷണങ്ങൾ അടിതെറ്റി
കാട്ടാനകളെ തുരത്താനായി നേരത്തെ സോളാർ വൈദ്യുതി വേലികൾക്ക് ബദലായി കണ്ടെത്തിയ അസം മോഡൽ വൈദ്യുതി വേലിയും പരീക്ഷിക്കാതെ പൊളിച്ചടുക്കുകയായിരുന്നു. ആനപ്പേടിയിൽ കഴിയുന്ന കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ആനമതിൽ നിർമ്മിക്കാനുള്ള പദ്ധതിയും അടിതെറ്റി. വയനാട് ജില്ലയിലെ ചിലയിടങ്ങളിൽ സ്ഥാപിച്ച വൈദ്യുതി വേലി ആനകൾക്ക് സുപരിചിതമാണ്. വലിയ മരക്കമ്പ് ഉപയോഗിച്ച് വൈദ്യുതി വേലി തട്ടിപ്പൊളിച്ചാണ് ആനകൾ കാടിറങ്ങുന്നത്. അത്രയും ജാഗ്രതയോടെയാണ് ഇവയുടെ നീക്കം.