മുങ്ങിയവയിൽ മന്ത്രി ഇടപെട്ടു അനുവദിച്ച രണ്ട് ഇന്നോവയും

കാസർകോട്: തിരുവനന്തപുരത്ത് ഡി.ജി.പിയുടെ കീഴിലുള്ള പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ ഉപയോഗത്തിനായി അനുവദിച്ച ആറു പുതിയ വാഹനങ്ങൾ പോയവഴിയില്ല. വാഹനം ഇല്ലാത്തതിന്റെ പേരിൽ പൊലീസുകാർ എസ്‌കോർട്ട് ഡ്യുട്ടിക്ക് പ്രയാസം അനുഭവിക്കുന്നതു മനസിലാക്കി മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ട് ഹെഡ്‌കോർട്ടേഴ്സിൽ നിന്നും പാസാക്കിയെടുത്ത രണ്ട് ഇന്നോവയും മഹീന്ദ്രയുടെ നാല് ടി.യു.വി വാഹനങ്ങളുമാണ് കാസർകോടട്ടെത്താതെ അപ്രത്യക്ഷമായത്

പഴഞ്ചൻ വണ്ടികൾ ഉപയോഗിക്കുന്നതു കാരണം ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ക്രമസമാധാന പാലനം പാതിവഴിയിലാവുകയാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള വാഹനങ്ങൾ കുറ്റവാളികളെയും കൊണ്ട് കുതിക്കുമ്പോൾ അവരെ കീഴ്‌പ്പെടുത്താൻ ഓടുന്ന പൊലീസിന്റെ പഴഞ്ചൻ വണ്ടികൾ റോഡിൽ കിതയ്ക്കുകയാണ്.

ഒരു മാസം മുമ്പ് കാസർകോട്ടെത്തിയ മന്ത്രി ഇ. ചന്ദ്രശേഖരൻ എസ്‌കോർട്ട് പോകാൻ വേഗത കൂടിയ വണ്ടിയില്ലെന്ന പൊലീസ് ഓഫീസർമാരുടെ വിഷമം തിരിച്ചറിഞ്ഞാണ് ആഭ്യന്തര വകുപ്പിലെ ഉന്നതരുമായി ബന്ധപ്പെട്ടു രണ്ടു പുതിയ ഇന്നോവ വാഹനങ്ങൾ അനുവദിപ്പിച്ചത്. അതോടൊപ്പം തന്നെ നാല് മഹീന്ദ്ര വണ്ടികളും അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും ഒരു വണ്ടിയും ഇവിടെ എത്തിയില്ലെന്നാണ് പൊലീസ് ഓഫീസർമാർ പരാതിപ്പെടുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വർഷങ്ങളായി ഉപയോഗിച്ചു കണ്ടംചെയ്ത വാഹനങ്ങളാണ് കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിന് വിട്ടുകൊടുക്കുന്നത്. പൊലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂം, ട്രാഫിക് യൂണിറ്റുകൾ തുടങ്ങിയ യൂണിറ്റുകളിലും ഭൂരിഭാഗവും പഴഞ്ചൻ വണ്ടികളാണ്. അതേസമയം സി.ഐ മുതൽ മുകളിലോട്ടുള്ള എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും

കാസർകോട് ഒരു സി.ഐക്ക് അനുവദിച്ച പുതിയ വാഹനവും ജില്ലാ പൊലീസ് ആസ്ഥാനത്തെ രണ്ടു ഡിവൈ.എസ്.പിമാരുടെ വാഹനവും തിരിച്ചെടുത്തു പഴയ ബൊലേറോ നൽകിയതായും പരാതി ഉയർന്നിട്ടുണ്ട്.

സ്റ്റാർട്ടാകാൻ തള്ളണം

ഹർത്താലും അക്രമവും വരുമ്പോഴാണ് തള്ളിയാൽ മാത്രം സ്റ്റാർട്ടാകുന്ന വാഹനങ്ങൾ കൊണ്ട് പൊലീസുകാർ നട്ടംതിരിയുന്നത്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ പഴഞ്ചൻ വാഹനം 70,000 രൂപ ചിലവിട്ടു പൊലീസുകാർ തന്നെയാണ് അറ്റകുറ്റപ്പണി നടത്തി ഇറക്കിയത്. പൊലീസ് വകുപ്പിനുകീഴിലെ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗമാണ് വാഹനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത്. എല്ലാ ജില്ലകളിലും വാഹനങ്ങൾക്ക് മാത്രമായി പ്രത്യേകം ഗതാഗത വിഭാഗവുമുണ്ട്. മുമ്പെല്ലാം വാഹനങ്ങൾ അനുവദിച്ചാൽ അതാത് ജില്ലകളിലെ എ.ആർ ക്യാമ്പുകളിൽ എത്തിച്ച ശേഷമാണ് അലോട്ട്‌മെന്റ് നൽകുന്നത്. എന്നാലിപ്പോൾ ഹെഡ്‌കോർട്ടേഴ്സിൽ നിന്നുതന്നെ അനുവദിച്ച സ്ഥലത്തെ ബോർഡ് വെച്ചാണ് വരുന്നതെന്നും ഇതുകാരണം വാഹനം ഇല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിനൽകാൻ പ്രയാസമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.