കൂത്തുപറമ്പ്: കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ കായലോട് ജംഗ്ഷനിൽ വൻ വാഹനാപകടം. രണ്ട് ബസുകളും ടിപ്പറും കാറും മൂന്ന് ബൈക്കുകളും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് ചെറുതും വലുതുമായ എട്ട് വാഹനങ്ങൾ ഒരേ സമയം അപകടത്തിൽപ്പെട്ടത്. കൂത്തുപറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിൽ ഇടിച്ചതായിരുന്നു അപകടത്തിന് തുടക്കം.
ശക്തമായ ഇടിയിൽ നിയന്ത്രണം വിട്ട ബസുകൾ കാർ, ടിപ്പർ, നാല് ബൈക്കുകൾ എന്നിവയിൽ ഇടിച്ചു. അപകടത്തിൽ ടിപ്പറിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരനേയും ടിപ്പർ ഡ്രൈവറേയും ഏറെ സമയത്തിന് ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റ ടിപ്പർ ഡ്രൈവർ, ബൈക്ക് യാത്രക്കാരൻ എന്നിവർ ഉൾപ്പെടെ പത്തോളം പേർ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കൂത്തുപറമ്പ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. കൂത്തുപറമ്പ്, പിണറായി പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ഏറെ സമയം വാഹന ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകളും സ്ഥലത്തെത്തിയിരുന്നു. കൂട്ട അപകടത്തെക്കുറിച്ച് പിണറായി പൊലീസ് അന്വേഷണം തുടങ്ങി.