മട്ടന്നൂർ: വിമാനത്താവളം യാഥാർത്ഥ്യമായതോടെ മോഷണവും അപകടങ്ങളും കുറക്കാൻ ലക്ഷ്യമിട്ട് മട്ടന്നൂരിൽ സ്ഥാപിച്ച സി.സി.ടി.വി. കാമറകളിൽ ആദ്യ നാല് ദിവസത്തിനകം 250ഓളം നിയമ ലംഘകർ കുടുങ്ങി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവർ, രണ്ടിൽ കൂടുതൽ പേരെ ഇരുചക്രവാഹനത്തിൽ കയറ്റി പോകുന്നവർ എന്നിങ്ങനെ പോകുന്നു പട്ടിക. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ വിലാസം ശേഖരിച്ച് ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

മൊബൈലിൽ വിളിച്ചു കിട്ടാത്തവർക്ക് സ്റ്റേഷനിൽ ഹാജരാകുന്നതിന് കത്തും അയക്കുന്നുണ്ട്. കാർഡുമായി സ്റ്റേഷനിൽ ഹാജരാകുന്നവർക്ക് ആദ്യഘട്ടത്തിൽ ചെറിയ പിഴയും ബോധവത്കരണവും നൽകും. വീണ്ടും നിയമം തെറ്റിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യും. നഗരത്തിൽ പലയിടത്തായി ഇപ്പോൾ 27 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

മട്ടന്നൂർ നഗരത്തിൽ കള റോഡ് പാലം വരെയും തലശേരി റോഡിൽ കനാൽ വരെയും കണ്ണൂർ റോഡിലും വിമാനത്താവള റോഡായ മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡിൽ വായാന്തോട് മുതൽ കാര പേരാവൂർ വരെയുമാണ് കാമറ സ്ഥാപിച്ചത്. മട്ടന്നൂർ നഗരസഭയുടെയും പൊലീസിന്റെയും ഹോക്ക് ഇന്ത്യയുടെയും നേതൃത്വത്തിൽ തലശേരിയിലെ ക്രേബ് ഗ്ലോബൽ സെക്യൂരിറ്റിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പകർത്തുന്നതും തിരിയുന്നതും ദൂരെയുള്ള ദൃശ്യങ്ങൾ പകർത്തിയെടുക്കുന്നതുമായ കാമറകളാണ് സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ പരിശോധിക്കും. ഇതിനായി 6 ടിവികളും സ്ഥാപിച്ചിട്ടുണ്ട്.

പടം: മട്ടന്നൂർ പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂമിലെ കാമറ ദൃശ്യങ്ങൾ.