ചെറുവത്തൂർ: കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ബോട്ടുകൾക്ക് കൃത്യമായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ബോട്ടിലെ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും അനിവാര്യമാണെങ്കിലും ബന്ധപ്പെട്ടവർ ഇതെത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്ന്

ഫിഷറീസ് വകുപ്പിനു പോലും പിടിപാടില്ല.

ജോലി ചെയ്യുന്ന ബോട്ടിൽ തൊഴിലാളികളുടെ കൃത്യമായ വിവരമടങ്ങിയ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം. അതുപോലെ ബോട്ട് ഓടിക്കുന്നവർക്കുള്ള ലൈസൻസ്, ഇൻഷുറൻസ് തുടങ്ങിയവയും, ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും അനിവാര്യമാണ്. എന്നാൽ ഇത്തരം കാര്യങ്ങർ കൃത്യമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കാത്തത് കാരണം ഈ മേഖല തികച്ചും കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ തന്നെ പറയുന്നു. കഴിഞ്ഞ ഇരുപതാം തീയ്യതി വിനു എന്ന് പേരുള്ള ഒരു മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചെങ്കിലും രേഖകളൊന്നുമില്ലാത്തതിനാൽ ഇയാൾ എവിടുത്തുകാരനാണെന്നുള്ള കാര്യം പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങൾ കുറ്റമറ്റ രീതിയിൽ നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പാണ്.

കഴിഞ്ഞ ദിവസം തീരദേശ പോലീസ് തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി സീ വിജിൽ എന്ന പേരുള്ള മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കടലിൽ പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെയും അതിലെ തൊഴിലാളികളുടെയും രേഖകൾ പരിശോധിച്ചിരുന്നു. എന്നാൽ വളരെ കുറച്ചു ബോട്ടുകൾ മാത്രമേ ആ രണ്ടു ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങിയിട്ടുള്ളൂവെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. അതുകൊണ്ടു തന്നെ കൃത്യമായ വിവരങ്ങൾ പരിശോധക സംഘത്തിന് ലഭിച്ചുമില്ല. മോക്ഡ്രിൽ അവസാനിച്ചതോടെ കടലിൽ പോകുന്നത് പഴയപടി ആവുകയും ചെയ്തു.

165 ബോ‌ട്ടുകൾ 825 തൊഴിലാളികൾ

ജില്ലയിൽ 165 ബോട്ടുകളാണ് ഫിഷറീസ് വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഓരോ ബോട്ടിലും ശരാശരി 5 വീതം തൊഴിലാളികളുമായാൽ ആകെ 825 പേർ. ഇതിൽ പകുതിയിലധികവും കർണാടക, തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനത്തു നിന്നുള്ളവരാണ്. ബാക്കി വരുന്നവരിൽ നല്ലൊരു ശതമാനം തിരുവനന്തപുരമടക്കമുള്ള അന്യജില്ലക്കാരുമാണ്. വളരെ കുറച്ചു പേർ മാത്രമാണ് ജില്ലയിൽ നിന്നുള്ളവർ. ബോട്ടും തൊഴിലാളികളും കൃത്യമായ രേഖകളോടുകൂടി മത്സ്യ ബന്ധനത്തിലേർപ്പെട്ടാൽ മാത്രമേ, കടലിൽ ദുരന്തങ്ങളോ അപകടങ്ങളോ സംഭവിച്ചാൽ ഇൻഷൂറൻസ് അടക്കമുള്ള നഷ്ടപരിഹാരം ആ കുടുംബത്തിന് ലഭിക്കുകയുള്ളൂ.

ശരിയായ രേഖകളും ഇൻഷുറൻസ് പരിരക്ഷ തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഇല്ലാതെ മത്സ്യബന്ധത്തിനിറങ്ങുന്ന ബോട്ടുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം

മത്സ്യത്തൊഴിലാളികൾ

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കൃത്യമായ രേഖകൾ ഇല്ലാത്തതുകാരണം മുപ്പതോളം ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ഇടയാക്കിയിട്ടുണ്ട്

ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ കെ. അജിത

സീവിജിലിന്റെ ഭാഗമായി തൈക്കടപ്പുറം അഴിമുഖത്ത് തീരദേശസേന മത്സ്യബന്ധന ബോട്ടിന്റെ രേഖകൾ പരിശോധിച്ചപ്പോൾ.