കാസർകോട്: കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതിനു പിന്നാലെ സി.പി.എം കാസർകോട് ജില്ലാ നേതൃത്വം പൊലീസിനെതിരെ പരസ്യമായി രംഗത്തുവന്നു. കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏതാനും ചില പൊലീസ് ഉദ്യോഗസ്ഥരെയാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ വിമർശിച്ചത്.
സി.പി.എം നടത്തുന്ന ജനജാഗ്രതാ ജാഥയുടെ സ്വീകരണത്തിനിടെയാണ് ജില്ലാ സെക്രട്ടറി പൊലീസിനെ വിമർശിച്ചത്. മികച്ച സേവനം അനുഷ്ഠിക്കുന്നതിനുപകരം ചില പൊലീസുകാരുടെ അഴകൊഴമ്പൻ നടപടികൾ പൊലീസ് സേനയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് പകരം ഭരണത്തെ ജനങ്ങളുടെ മുമ്പിൽ മോശമാക്കാൻ പ്രവർത്തിക്കുന്ന പൊലീസുകാരും വടക്കൻ മേഖലയിലുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ജില്ലയിലെ അക്രമസംഭവങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപം സി.പി.എമ്മിന് നേരത്തേയുണ്ട്.
സി.പി.എം ജനജാഗ്രതാജാഥ സമാപിച്ചു
കാസർകോട്: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ ജനജാഗ്രതാജാഥ തൃക്കരിപ്പൂരിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ നയിച്ച ജാഥ കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പ്രചാരണം നടത്തിയത്.
മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്നാരംഭിച്ച ജാഥ മൂന്നു ദിവസം ജില്ലയിൽ പര്യടനം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ എം.വി ബാലകൃഷ്ണൻ, ജാഥാംഗങ്ങളായ കെ.പി സതീഷ്ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു, പി. ജനാർദനൻ, കെ.വി കുഞ്ഞിരാമൻ, വി.പി.പി മുസ്തഫ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ കോട്ടച്ചേരിയിൽ നിന്നാരംഭിച്ച ജാഥ പെരിയ ബസ് സ്റ്റോപ്പ്, ഒടയംചാൽ, കോളിച്ചാൽ, വെള്ളരിക്കുണ്ട്, കുന്നുംകൈ, കാലിച്ചാമരം, മേക്കാട്ട്, നീലേശ്വരം കോൺവന്റ് ജംഗ്ഷൻ, ചെറുവത്തൂർ ടൗൺ, ചീമേനി, കാലിക്കടവ്, പടന്ന എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് ഇന്നലെ വൈകുന്നേരം തൃക്കരിപ്പൂരിൽ സമാപിച്ചത്.
പാലക്കുന്നിൽ സി.പി.എം ജാഥയ്ക്ക് നൽകിയ സ്വീകരണം.