തലശ്ശേരി: വാഹനത്തിരക്കിൽ നഗരം വീർപ്പുമുട്ടുന്നതിനിടയിൽ അറ്റകുറ്റപണിയുടെ പേരിൽ റെയിൽവേ മേൽപാലവും അടച്ചത് കൂനിന്മേൽ കുരുവായി. എക്‌സ്പാൻഷൻ ജോയിന്റിന്റെ വിള്ളൽ അടക്കുന്നതിനാണ് റെയിൽവേ മേൽപ്പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞത്. വശത്തെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ഇക്കഴിഞ്ഞ 25 മുതൽ ഫെബ്രുവരി 10 വരെയാണ് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളത്.
ചരക്ക് വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ ടൗൺ ഹാൾ റോഡ് ടൗൺ ബാങ്ക് ഓഡിറ്റോറിയം റോഡ് മേലൂട്ട് മഠപ്പുര മേൽപ്പാലം മണവാട്ടി ജംഗ്ഷൻ വഴിയും ചരക്ക് വാഹനങ്ങൾ എരഞ്ഞോളി പാലം കൊളശ്ശേരി കൊടുവള്ളി ജില്ലാ കോടതി വഴിയുമാണ് കടത്തിവിടുന്നത് . മഞ്ഞോടിക്കവലയിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാൻ

പാനൂർ ഭാഗത്ത് നിന്നും തലശ്ശേരിയിലേക്കുള്ള ബസ്സുകൾ ഉൾപെടെയുള്ള വാഹനങ്ങൾ കണ്ണിച്ചിറ വഴി വലത്തോട്ട് തിരിഞ്ഞ് ടെമ്പിൾ ഗേറ്റ്, സൈദാർ പള്ളി വഴി നഗരത്തിലെത്തണമെന്നാണ് ട്രാഫിക് പൊലീസിന്റെ അറിയിപ്പ്.

പൊലീസിനെ കൊണ്ട് മാത്രം നഗരത്തിലെ ഗതാഗത നിയന്ത്രണം അസാധ്യമായ നിലയാണ് തലശ്ശേരിയിലുള്ളത്. വാഹന ഉടമകൾ സഹകരിച്ചില്ലെങ്കിൽ ആർക്കും കടന്നു പോവാൻ വയ്യാത്ത സ്ഥിതിയാണ്.റോഡ് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ബദൽ വഴി നിർദേശിക്കാൻ നഗരഭരണാധികാരികൾ തയ്യാറായിട്ടില്ല.

സുഗമമായ യാത്രാ സൌകര്യത്തിന് കവലകൾ വീതി കൂട്ടണമെന്നും ഒ.വി.റോഡ് വികസിപ്പിക്കണമെന്നും പഴയ ബസ്സ് സ്റ്റാൻഡിലെ ജൂബിലി കോംപ്‌ളക്സ് ആശുപത്രി റോഡ് മുഴുവനായി പാർക്കിംഗിന് വിട്ടുനൽകണമെന്നും നാറ്റ്പാക് അധികൃതർ നടത്തിയ പഠനത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പുറത്തിറങ്ങാതെ ഇപ്പോഴും നഗരസഭയുടെ ഫയൽക്കൂമ്പാരത്തിൽ അടയിരിപ്പാണ്. നിയമം ലംഘിച്ച് നിർത്തിയിട്ട വാഹനങ്ങളുടെ ഇടതുവശം വഴി അപകടകരമായി വാഹനങ്ങൾ ഓടിച്ചുകയറ്റുന്നതും തലശ്ശേരി നഗരത്തിൽ പതിവ് കാഴ്ചയാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത റോഡരികിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തിയിട്ടുള്ള നിയമലംഘനമാണ് മറ്റൊന്ന്.നഗരസഭയുടെയും ജനങ്ങളുടേയും സഹകരണമുണ്ടായാൽ മാത്രമെ പൈതൃകനഗരത്തിൽ വാഹനയാത്ര സുഗമമാകുകയുള്ളുവെന്നാണ് പൊതുവിലയിരുത്തൽ.