ചെറുപുഴ: അവിശ്വാസ പ്രമേയ ചർച്ചക്കിടെ ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോൺസൺ രാജിവച്ചു .യു.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയത്തിൻമേൽ ചർച്ച നടക്കുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി ലാലി മാണിക്ക് രാജി സമർപ്പിക്കുകയായിരുന്നു .ഇവരെ കൂടാതെ സ്ഥിരം സമിതി മെമ്പർമാരായ ഷാന്റി കലാധരനും പി .ആർ. സുലോചനയും രാജിവച്ചു.
അതിനിടെ 10:30 ന് തുടങ്ങിയ അവിശ്വാസ പ്രമേയ ചർച്ചയിൽ 2 മിനിറ്റ് താമസിച്ച് എത്തിയ മൂന്നാം വാർഡ് മെമ്പർ മനോജ് വടക്കനെ റിട്ടേണിംഗ് ഓഫീസർ യോഗസ്ഥലത്ത് നിന്നും പുറത്താക്കി. പഞ്ചായത്ത് അംഗങ്ങളായ വി.കൃഷ്ണൻ, മനോജ് വടക്കൻ, ജമീല കോളയത്ത്, ലളിതബാബു, സിസിലി ജോർജ്, റോസിലി ആടിമാക്കൽ, ബിന്ദു ബിജു, വി.രാജൻ, വിജേഷ് പള്ളിക്കര എന്നിവരാണ് വൈസ് പ്രസിഡന്റിനെതിരെ റിട്ടേണിംഗ് ഓഫീസറായ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. കോൺഗ്രസ് കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം ജില്ലാ സംസ്ഥാന നേതൃത്വം ഇടപ്പെട്ടു പരിഹരിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് അംഗങ്ങളായ കൊച്ചുറാണി ജോർജിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഡെന്നി കാവാലം സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും രാജിവച്ചിരുന്നു. എന്നാൽ എൽ.ഡി.എഫ് അംഗങ്ങളായ വൈസ് പ്രസിഡന്റും രണ്ട് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരും രാജിവച്ചിരുന്നില്ല. ഇതേത്തുടർന്നാണു അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.കനത്ത പോലീസ് കാവലിലാണ് അവിശ്വാസ പ്രമേയാവതരണം നടന്നത്
പൊങ്കാല സമർപ്പണം നടത്തി
പാനൂർ : കിഴക്കെ ചമ്പാട് കുറിച്ചിക്കര നെല്ലിയുള്ളതിൽ മൂപ്പന്റവിട ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. നൂറു കണക്കിന് സ്ത്രീകൾ ദേവീപ്രീതിക്കായുള്ള പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് ആദ്യ ദീപം പകർന്നതോടെയാണ് പൊങ്കാല സമർപ്പണത്തിന് തുടക്കമായത്. ക്ഷേത്രം ഭാരവാഹികളായ പി.പി വേണുഗോപാൽ, അജയൻകുട്ടൻ, എൻ.പി ശ്രീജേഷ്, വി.പി ശ്രീധരൻ, കെ.പി ശശീന്ദ്രൻ, പി പി ജിതേഷ്, എം.ബിജു തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു.
ഐ എൻ എൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ.
പാനൂർ : ഇന്ത്യൻ നാഷണൽ ലീഗ് കുത്തുപറമ്പ് മണ്ഡലം പ്രവർത്തക കൺവെൻഷൻ പാനൂർ വ്യാപാരി ഭവൻ ഹാളിൽ നടന്നു.ഇന്ത്യൻ നാഷണൽ ലീഗ് ജില്ല ജനറൽ സെക്രട്ടറി താജുദീൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ മഹമൂദ് അധ്യക്ഷനായി.കെപി യൂസഫ്,അസീസ് കുന്നത്ത്,ഹസ്സൻ പയ്യട,മൊയ്തു പത്തായത്തിൽ,
അൻവർ പാറാട്ട്, സിഎച്ച്.ബഷീർ , ഒ.ടി മുഹമ്മദ് ,സി.ടി. മൂസ,യൂസഫ് എലാങ്കോട് എന്നിവർ സംസാരിച്ചു.
ക്ഷേത്രോത്സവം ഇന്നുമുതൽ
ഇരിട്ടി: മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്രോത്സവം ഇന്നുമുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. 30ന് പുലർച്ചെ 5.30ന് നടതുറന്ന ശേഷം 6ന് ഉഷ പൂജ, 9ന് കൊടിയേറ്റ്, വൈകുന്നേരം 6ന് സന്ധ്യവേല, 6.30ന് തിറ ആഘോഷം, പൊന്മലക്കാരൻ, പുഴയിൽഭഗവതി തിറയാട്ടം, രാത്രി 11ന് താലപ്പൊലി ഘോഷയാത്ര, പെരുമ്പേശൻ വെളളാട്ടം, താലപ്പൊലി സമർപ്പിക്കൽ, തോറ്റം, വിവിധ കലാ പരിപാടികൾ. 31ന് രാവിലെ 7ന് പൂവത്തിൻകീഴിൽ ഭഗവതിയുടെ തിരുമുടി നിവരൽ, ഉച്ചക്ക് അന്നദാനം, തുലാഭാരം തൂക്കൽ, രാത്രി 8.30ന് ഗാനസുധ,സമാപന ദിവസമായ ഫെബ്രൂവരി 1ന് രാവിലെ 8.30ന് തിറയാട്ടം, വെള്ളാട്ടം, അന്നദാനം, തുടർന്ന് കുളിച്ചെഴുന്നള്ളത്ത്. രുധിരാളൻ തിറയാട്ടം, ഭദ്രകാളിയുടെ തിറയാട്ടം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള സർപ്പബലി 28 ന് വൈകുന്നേരം 6 .45 മുതൽ 8 .30 വരെ നടക്കും. അന്നേദിവസം രാവിലെ 9 ന് കലശപൂജ . ഉച്ചക്ക് 12 ന് നൂറുംപാലും കൊടുക്കൽ, അന്നദാനം എന്നിവയും നടക്കും.
കലവറ നിറയ്ക്കൽ ഘോഷയാത്ര
ചെറുപുഴ: കക്കോട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ മുന്നോട്ടിയായി ഭക്തിനിർഭരമായ കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി ജനുവരി 29, 30 തീയ്യതികളിൽ നടക്കുന്ന ആഘോഷത്തിൽ ,4 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം, . പുറപ്പാട് 5 മണിക്ക് വെള്ളക്കഞ്ഞി ഊട്ട് എന്നിവ നടന്നു.,7 മണി മുതൽ തെയ്യക്കോലങ്ങളുടെ തോറ്റംപുറപ്പാട്. രാത്രി 9 മണിക്ക് കാഴ്ചവരവ്, 10 മണിക്ക് ചിലമ്പൊലി, ഗോത്രപ്പെരുമ നാടൻ കലമേള, 30 ന് ബുധനാഴ്ച പുലർചെ4 മണി മുതൽ ചെക്കിചേരി ഭഗവതി, നാട്ടുമൂർത്തി ,പൊട്ടൻ ദൈവം, 9 മണി മുതൽ വയനാട്ട്കുലവൻ, വിഷ്ണുമൂർത്തി ഗുളികൻ തെയ്യക്കോലങ്ങളുടെ പുറപ്പാട് ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം വൈകു: 5 മണിക്ക് ആറാടിക്കലോടെ കളിയാട്ട സമാപനം.