ഇരിട്ടി : ആറളം ഫാമിലും പുനരധിവാസ മേഖലയിലും നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ 11 കിലോമീറ്റർ വൈദ്യുത കമ്പിവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. കാട്ടാനശല്യം പരിഹരിക്കുന്നതിനായി മേഖലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വന്യജീവിസങ്കേതം ഓഫീസിൽ നടന്ന വനം വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും ആദിവാസി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. മാസത്തിലൊരിക്കൽ ഫാമിലെ സ്ഥിതി അവലോകനം ചെയ്യണമെന്ന വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു യോഗം.
ഫാമിലെ പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലെ കാടുകൾ മുഴുവൻ വെട്ടിത്തെളിക്കണമെന്നു യോഗത്തിൽ ആവശ്യമുയർന്നു. ഇത്തരം പൊന്തക്കാടുകളാണ് കാട്ടാനകൾ താവളമാക്കുന്നത് . നേരത്തേ കാടുവെട്ടിത്തെളിയിക്കുന്നതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അയച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇവിടുത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒറ്റത്തവണ കാടുവെട്ടിത്തെളിയിക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന് ആദിവാസി സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടനെ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എ.വി. കെ. കണ്ണൻ യോഗത്തിൽ പറഞ്ഞു.

മുൻകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാവാത്തതിൽ യോഗം വനം വകുപ്പിനെ കുറ്റപ്പെടുത്തി. എന്നാൽ വൈദ്യുതവേലികൾ പൂർത്തിയാവുന്ന മുറക്ക് എല്ലാ കാട്ടാനകളെയും വനത്തിലേക്ക് തുരത്തി വിടാനുള്ള നടപടികൾ ഉണ്ടാകുമെന്നു വകുപ്പധികൃതർ യോഗത്തിൽ ഉറപ്പു നൽകി. ആനകളെ തുരത്താൻ ആവശ്യമായ പടക്കങ്ങൾ വനം വകുപ്പിന് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഫ്‌ളയിംഗ് സ്‌ക്വഡ് ഡി .എഫ് .ഒ സി.വി. രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ, ഡെപ്യൂട്ടി തഹസിൽദാർ എ.വി. പത്മാവതി, ടി ആർ. ഡി. എം സൈറ്റ് മാനേജർ പി.പി. ഗിരീഷ്, റെയിഞ്ചർ പി.കെ. അനൂപ്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ ജയപ്രകാശ്, ആറളം ഫാൻ സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം റഹിയാനത്ത് സുബി, കെ.കെ. ജനാർദ്ദനൻ, കൃഷ്ണൻ കോട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

( ഫോട്ടോ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസറിൽ നടന്ന അവലോകനയോഗം )

വ്യാപാരികൾ ഹർത്താൽ ആചരിച്ചു.
തിരുമേനിയിൽ കടകൾക്കു നേരെ അക്രമം

ചെറുപുഴ: തിരുമേനി ടൗണിൽ യുവാവ് കടകൾക്ക് നേരെ യുവാവിന്റെ പരാക്രമം. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് തിരുമേനി സ്വദേശിയായ യുവാവ് ടൗണിലെ ഓരത്താനിയിൽ ബാബുവിന്റെ പലചരക്ക് കടയുടെ പൂട്ട് തകർത്ത് മുഴുവൻ സാധനങ്ങളും വലിച്ച് റോഡിൽ നിരത്തിയിട്ടിത്. തിരുമേനിയിലെ അഗ്രികൾച്ചറൽ ഓർഗാനിക് സൊസൈറ്റിയുടെ കടയും തകർത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുമേനി സെന്റ് ആന്റണീസ് പള്ളിയുടെ തിരുമേനി ടൗണിലെ കുരിശുപള്ളിയുടെ കുരിശും നേർച്ചപ്പെട്ടിയും ഇയാൾ നശിപ്പിച്ചിരുന്നു. ഇയാൾക്ക് നേരിയ മാനസിക അസ്വാസ്ഥ്യമുള്ളതായി പറയുന്നു. ഇയാൾ അക്രമം നടത്തുന്നത് ശ്രദ്ധയിൽ പെട്ടവർ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പോലീസ് എത്തിയെങ്കിലും ഈയാൾ സ്ഥലംവിട്ടിരുന്നു. കുരിശ് തകർത്ത സംഭവത്തിൽ ശക്തമായ നടപടിയെടുക്കാതിരുന്നതിനാലാണ് പിന്നീടും ഇയാൾ വ്യാപക അക്രമം നടത്തിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. തിരുമേനിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചവരെ ഹർത്താൽ ആചരിച്ചു .യുവാവിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിൽ ഏൽപ്പിച്ചു. ഈയാളെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട്ടെ മാനസികാരോഗ്യചികിത്സാകേന്ദ്രത്തിലെത്തിച്ചു.

ലോറിയിൽ നിന്ന് ഓട്ടോയിലേക്ക് മാറ്റുന്നതിനിടെ

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പയ്യന്നൂർ: ലോറിയിൽ നിന്നും ഓട്ടോയിലേക്ക് മാറ്റി കടത്തികൊണ്ടുപോകാൻ ശ്രമിച്ച വൻ നിരോധിത പുകയില ഉൽപന്നങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ ആറരമണിയോടെ കരിവെളളൂർ പാലത്തര ദേശീയപാതയിലായിരുന്നു സംഭവം. ഏകദേശം ഒരു ലക്ഷം രൂപയോളം വില മതിക്കുന്ന ആയിരത്തോളം പാക്കറ്റ് നിരോധിതപുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

എട്ട് ചാക്കുകളിലായി കുത്തിനിറച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ.നിരോധിത പുകയില ഉൽപന്നങ്ങളുമായി പോകാൻ ശ്രമിച്ച നീലേശ്വരം പള്ളിക്കരയിലെ കെ.പ്രകാശ് ഭട്ട് (50), ഓട്ടോ ഡ്രൈവർ തിരുമേനി പ്രാപ്പൊയിലിലെ പരവേലിൽ മേപ്പുറത്ത് അജേഷ്(36) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്. സാധനം കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നും പച്ച ക്കറികൾ കൊണ്ടുവന്ന ലോറി യിൽ നിന്നും പുകയില ഉത്പന്നങ്ങൾ ചാക്കിൽ നിറച്ച് ഓട്ടോയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പയ്യന്നൂർ എസ്. ഐ കെ.പി ഷൈനും സംഘവും സ്ഥലത്തെത്തി വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ തുടങ്ങിയവ പിടിച്ചെടുക്കുകയായിരുന്നു.പയ്യന്നൂർ, മാതമംഗലം ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടുവന്നതാണ് പുകയില ഉൽപന്നങ്ങളെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. നേരത്തെ ചില ദി സങ്ങളിൽ ലോറിയിൽ നിന്നും പുകയില ഉൽപന്നങ്ങൾ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്.


കാർപ്പെന്ററി വർക്‌സ് സൂപ്പർ വൈസേഴ്‌സ് അസോ. സമ്മേളനം

മാഹി: കാർപ്പെന്ററി വർക്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ന്യൂമാഹി യൂണിറ്റിന്റെ അഞ്ചാം വാർഷിക സമ്മേളനം പള്ളൂർ വ്യാപാരഭവനിൽ നടത്തി.പൊതു സമ്മേളനം ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. വാസ്തു ശാസ്ത്രത്തെപ്പറ്റി മുത്തുകൃഷ്ണൻ തലോറ മുഖ്യഭാഷണം നടത്തി. കെ.ഡബ്‌ളു. എസ്.എ. സംസ്ഥാന പ്രസിഡന്റ് പി.ജി.സഹദേവൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, നാലുതറ മർച്ചന്റ്‌സ് അസ്സോസിയേഷൻ സെക്രട്ടറി കെ.ഭരതൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ആർ.കെ.മുരളീധരൻ (പ്രസിഡന്റ്), എൻ.പി.മഹേഷ് കുമാർ (സെക്രട്ടറി), കെ.പി.ശിവദാസൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.



പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം; അന്നദാനത്തിനുള്ള വിഭവങ്ങൾ ഒരുക്കി തുടങ്ങി.

പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി നാലുമുതൽ ഏഴുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് നാലുദിവസം ആറുനേരങ്ങളിലായി രുചികരമായ അന്നദാനം നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ കലവറയിൽ ആരംഭിച്ചു. ഏകദേശം നാൽപ്പത് കിന്റലോളം പച്ചക്കായ കൊണ്ടുള്ള ഉപ്പേരിയുടെയും, ശർക്കരയുപ്പേരിയുടെയും നിർമ്മാണമാണ് പ്രാരംഭമായി ആരംഭിച്ചത്. അറുനൂറ് ലിറ്ററോളം വെളിച്ചെണ്ണയും പന്ത്രണ്ട് ക്വിന്റൽ ശർക്കരയും ഉപയോഗിച്ചാണ് ഉപ്പേരിഉണ്ടാക്കുന്നത്.

വനിതാകമ്മിറ്റിഅംഗങ്ങൾ കായയുടെ തൊലി കളഞ്ഞുനല്കുമ്പോൾ ഉപ്പേരിക്ക് നാലായികീറിയും, ശർക്കരയുപ്പേരിക്ക് രണ്ടായി കീറിയും ഒരേ അളവിൽ മുറിച്ചെടുക്കുന്നത് വാല്യക്കാരുടെ നേതൃത്വത്തിലാണ്. പയ്യന്നൂരും പരിസരത്തും നടന്ന പതിമൂന്നോളം പെരുങ്കളിയാട്ടങ്ങൾക്ക് ഭക്ഷണമൊരുക്കിയ മാധവൻ രാമന്തളി, പാചക കലക്ക് ഫോക് ലോർ അക്കാഡമി പുരസ്‌കാരം നേടിയ കെ വി നാരായണൻ,വി.കുഞ്ഞികൃഷ്ണൻ,ഭക്ഷണ
കമ്മിറ്റി ചെയർമാൻ പി.യു. രാജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്നദാന വിഭവങ്ങൾ ഒരുക്കുന്നത്.
എട്ടുദിക്ക് പതിനാറുദേശത്തുനിന്നും എത്തിച്ചേരുന്ന കുഞ്ഞുകുട്ടിപൈതങ്ങൾക്ക് തന്റെ കായക്കഞ്ഞീം, കനകപ്പൊടിയും മതിയാംവണ്ണം എത്തിച്ചുവോ എന്ന് ഭക്തർക്ക് ദർശനവും നൽകി വിടപറയാൻ നേരം തമ്പുരാട്ടിയമ്മ തന്റെ കളിയാട്ടം കൊണ്ടുകൂട്ടിയവരോട് ചോദിക്കുന്ന ചടങ്ങുണ്ട്. അതിനുള്ള തൃപ്തിയായ മറുപടിയും കേട്ടുകൊണ്ടാണ് തമ്പുരാട്ടി അണിയറയിലേക്ക് മടങ്ങുന്നത്. അതിനുള്ള എല്ലാ തയ്യാറെടുപ്പിലുമാണ് ഭക്ഷണ കമ്മിറ്റി ചെയർമാൻ പി യു രാജൻ, വർക്കിങ് ചെയർമാൻ രതീഷ് കണ്ടങ്കാളി, കൺവീനർ കെ രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മിറ്റി അംഗങ്ങൾ.


എൻ.ജി.ഒ.യൂണിയൻ സമ്മേളനം
കൂത്തുപറമ്പ്:പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് എം.ജി.ഒ.യൂണിയൻ കൂത്തുപറമ്പ് ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് ടൗൺ ഹാളിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വാമദേവൻ ഉദ്ഘാടനം ചെയ്തു. കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. രമേശൻ കുന്നുമ്മൽ പ്രവർത്തന റിപ്പോർട്ടും, അബ്ദുൾ റഷീദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഷാജികണ്ട്യൻ, കെ.എം. ബൈജു, പി.സുനീതൻ, മധുകനോത്ത് തുടങ്ങിയവർ സംസാരിച്ചു.

വാർഷിക പൊതുയോഗം

കേളകം: വെളളൂന്നി റബ്ബർ ഉദ്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം വെള്ളൂന്നി പ്രൊവിഡൻസ് എൽ.പി.സ്‌കൂളിൽ നടന്നു. കേളകം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോണി നെല്ലിമല അദ്ധ്യക്ഷനായി. തലശ്ശേരി റബ്ബർ ഡവലപ്‌മെന്റ് ഓഫീസർ മുഹമ്മദ് മുനീർ മുഖ്യ പ്രഭാഷണം നടത്തി. ഫീൽഡ് ഓഫീസർവിനിൽ, സംഘം സെക്രട്ടറി ജോസ് അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.