കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും 2004ലെ അതേ പരാജയം ഇത്തവണ കോൺഗ്രസിന് ആവർത്തിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
കേരളത്തിൽ വരുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മോദി ചോദിക്കുന്നത് തന്നെയാണ് രാഹുൽ ഗാന്ധിയും ചോദിക്കുന്നത്. രാഹുലിന് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ വലിയ അബദ്ധത്തത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
രാഹുൽ ഗാന്ധി സി.പി.എമ്മിനെ മുഖ്യശത്രുവായി കാണുകയും ബി.ജെ.പിയെ വെള്ളപൂശുകയുമാണ് ചെയ്യുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഡൽഹിയിൽ ഒരു അഭിപ്രായവും കേരളത്തിൽ മറ്റൊരു അഭിപ്രായവുമാകുന്നത് എങ്ങനെയാണ്. ജി.എസ്.ടിയും നോട്ടുനിരോധനവും ആദ്യം അനുകൂലിച്ചവർ ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജി.എസ്.ടി ഒഴിവാക്കുമെന്ന് പറയുന്നു. സർവ്വെ ഫലങ്ങളെ മുഴുവൻ അസ്ഥാനത്താക്കി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്നും കോടിയേരി പറഞ്ഞു.