കണ്ണൂർ: ജനതാദൾ മുന്നണിവിട്ട സാഹചര്യത്തിൽ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (ആർ.എം.പി.ഐ) യെ യു.ഡി.എഫിലെത്തിച്ച് വടകര ലോക്‌സഭാ മണ്ഡലം നിലനിറുത്താൻ അണിയറയിൽ നീക്കം. നേരിയ ഭൂരിപക്ഷത്തിന് കടന്നുകൂടിയ കെ.പി.സി.സി പ്രസിഡന്റും വടകര മണ്ഡലം എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ആർ.എം.പി ദേശീയതലത്തിൽ ഇടതുപക്ഷ നിലപാടുള്ള പലരെയും ചേർത്താണ് പിന്നീട് ആർ.എം.പി.ഐ രൂപീകരിച്ചത്. മാതൃസംഘടനയായ സി.പി.എമ്മിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത ആർ.എം.പി.ഐയിലെ വലിയൊരു വിഭാഗം ഈ നീക്കത്തെ അനുകൂലിക്കുന്നു. നാളെ ചേരുന്ന ആർ.എം.പി സംസ്ഥാന കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തേക്കും.
സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ ഫെബ്രുവരി 19, 20 തീയതികളിൽ എറണാകുളത്ത് കേന്ദ്ര കമ്മിറ്റിയും ചേരുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വടകര ലോക്‌സഭാ മണ്ഡലത്തിൽ ആർ.എം.പിയുടെ സ്വാധീനം യു.ഡി.എഫിന് ഗുണം ചെയ്തതായ വിലയിരുത്തലുകളുണ്ടായിരുന്നു. രണ്ടുതവണയും മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു വിജയം. ആദ്യതവണ 56,186 വോട്ടിനാണ് വിജയിച്ചതെങ്കിൽ രണ്ടാമത് 3306 വോട്ടുകൾക്കായിരുന്നു വിജയം. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ ആർ.എം.പി സഹായിക്കുന്നതിന് പകരം നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ വടകര നിയോജക മണ്ഡലം ആർ.എം.പിക്ക് നൽകാം എന്ന ധാരണയാണ് രൂപപ്പെട്ടതെന്ന് അറിയുന്നു.
എൽ.ഡി.എഫ് ഏറെ പ്രതീക്ഷയോടെയാണ് കഴിഞ്ഞ രണ്ടുതവണയും മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയത്. 2009ലാണ് ടി.പി. ചന്ദ്രശേഖരൻ സി.പി.എം വിട്ട് ആർ.എം.പി രൂപീകരിക്കുന്നത്. അദ്ദേഹം ആ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 21,833 വോട്ടുകൾ നേടി. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ഇതിന്റെ അലയൊലികൾ നിറഞ്ഞുനിന്ന 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.എം.പി സ്ഥാനാർത്ഥി അഡ്വ. കുമാരൻകുട്ടിക്ക് 17,229 വോട്ട് ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ തോൽവി ആഘോഷമാക്കാൻ ആർ.എം.പിക്ക് സാധിച്ചു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.പിയുടെ ഭാര്യ കെ.കെ. രമ വടകര മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. 20,504 വോട്ടുകൾ രമ നേടി. ഇങ്ങനെ വിജയികളെ നിർണയിക്കാനുള്ള ശക്തമായ സ്വാധീനം തങ്ങൾക്ക് മേഖലയിലുണ്ടെന്നാണ് ആർ.എം.പി നേതാക്കളുടെ അവകാശവാദം.