കാഞ്ഞങ്ങാട്: വർഷങ്ങളായി തരിശായി കിടന്ന കാരാട്ടുവയലിലെ നെൽവയലുകളിൽ കൃഷിയിറക്കാനുള്ള നഗരസഭാ പദ്ധതി അട്ടിമറിക്കാൻ ഭൂമാഫിയയുടെ ഗൂഢ നീക്കം. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞവർഷവും ഈ വർഷവും നഗരസഭ കാരാട്ടു വയലിൽ കൃഷിയിറക്കിയത്. ഇത്തവണ ആദ്യഘട്ടത്തിൽ 30 ഏക്കറിൽ കൃഷിയിറക്കിയത് കഴിഞ്ഞദിവസം ജില്ല കലക്ടർ ഡോ. ഡി. സജിത്ത് ബാബുവാണ് ഉദ്ഘാടനം ചെയ്തത്.

കൃഷിയിടങ്ങൾ നശിപ്പിക്കുക, കാർഷികോപകരണങ്ങൾക്ക് കേടുപാടു വരുത്തുക തുടങ്ങിയ പ്രവർത്തികളിലൂടെ കൃഷിയിലേക്കിറങ്ങുന്ന യുവാക്കളെ നിരുത്സാഹപ്പെടുത്തുകയാണ് ഭൂമാഫിയ ആദ്യപടിയായി ചെയ്യുന്നത്. കലക്ടർ വിത്തിട്ട മുപ്പതേക്കറിലും കഴിഞ്ഞദിവസം വെള്ളം കയറ്റി, വയലിൽ സൂക്ഷിച്ചിരുന്ന ‌ട്രാക്ടറിന്റെ ബാറ്ററി കവർച്ചചെയ്തു. ഉദ്ദേശം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പവർ ടില്ലറിൽ പഞ്ചസാര ഇട്ടിരുന്നു. ഇതിനു പുറമെ വയലുകളിൽ കുപ്പികൾ പൊട്ടിച്ചിടുന്നതും പതിവാണ്. വയലിൽ ജോലിക്കിറങ്ങുന്നവരുടെ കാലുകൾ പൊട്ടിയ കുപ്പിയിൽ തട്ടി മുറിവേറ്റ സംഭവങ്ങളും ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്യുന്നതു വഴി വയൽ ഉപേക്ഷിച്ചു പോകുമെന്നും തങ്ങൾക്കിത് പിന്നീട് വിൽക്കാൻ എളുപ്പമെന്നുമാണ് ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ നെൽകൃഷിക്കായി കാരാട്ടുവയൽ അപ്പാടെ അക്വയർ ചെയ്യാൻ ജില്ല ഭരണകൂടത്തിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിസ്തൃതി 120 ഏക്കർ

120 ഏക്കർ വിസ്തൃതിയിലാണ് കാരാട്ടുവയലുള്ളത്. കഴിഞ്ഞ വർഷം 80 ഏക്കറിലാണ് കൃഷിയിറക്കിയത്. അതുവഴി 8 ടൺ നെല്ല് ഉത്പാദിപ്പിക്കാനും കഴിഞ്ഞു കൃഷി സമ്പന്നമാകുന്നതുമൂലം കാരാട്ടുവയലിൽ രണ്ടു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കപ്പെടുന്നതിനാൽ സമീപ പ്രദേശങ്ങളിലേക്ക് ഉറവയായി ഈ വെള്ളമെത്തുന്നതു കൊണ്ട് കനത്ത വേനലിലും ജലക്ഷാമം അനുഭവപ്പെടാറില്ല. കഴിഞ്ഞവർഷം വിളവെടുത്ത നെല്ലിൽ നിന്നും നഗരസഭ തയാറാക്കിയ അരിശ്രീ റൈസ് ഇതിനകം വിപണിയിലിറക്കിയിട്ടുണ്ട്. ഇത്തരത്തിൽ കൃഷി സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നതിനിടയിലാണ് ഭൂമാഫിയ ഇതിനെതിരെ രംഗത്തു വന്നിട്ടുള്ളത്.

കടുത്ത നടപടി സ്വീകരിക്കും: ചെയർമാൻ

തരിശായി ഇട്ടിരുന്ന കാരാട്ടു വയലിൽ ഏക്കർ കണക്കിന് വയലിലിറക്കിയ നെൽകൃഷി വെള്ളം കയറ്റി നശഷിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ വി.വി രമേശൻ വാർത്താ സമ്മേളനത്തിലറിയിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന വയലുകളിൽ കൃഷിയിറക്കുന്നത്. ഇതിനു പുറമെ പച്ചക്കറി കൃഷിയും വ്യാപകമായി നടത്തി വരുന്നുണ്ട്. ഭക്ഷ്യ സ്വയം പര്യാപ്തത നേടുകയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. അതിന് തുരങ്കം വയ്ക്കുന്നവർ എത്ര വലിയവരായാലും നടപടി നേരിടേണ്ടി വരും -ചെയർമാൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ വൈസ്ചെയർമാൻ എൽ. സുലൈഖ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ. ഉണ്ണികൃഷ്ണൻ, ടി.വി ഭാഗീരഥി, ഗംഗ രാധാകൃഷ്ണൻ, കൗൺസിലർമാരായ സന്തോഷ് കുശാൽ നഗർ, എച്ച്.ആർ ശ്രീധരൻ, കർമ്മസമിതി ഭാരവാഹികളായ കെ.പി ശ്രീധരൻ, സി. അനീഷ്, ടി.പി ദിനേശൻ എന്നിവർ സംബന്ധിച്ചു.