കണ്ണൂർ: കണ്ണൂരിൽ ഒരു കുടുംബത്തിലെ പത്തുപേർ ഐസിസിൽ ചേർന്നെന്നും ഇതിൽ കുട്ടികളടക്കം നാലുപേർ കൊല്ലപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലെ സഹോദരിമാരും ഭർത്താക്കന്മാരും അവരുടെ മക്കളും അടക്കം പത്തു പേരാണ് ഐസിസിൽ ചേർന്നത്. ടി.വി. ഷമീർ, അൻവർ അവരുടെ ഭാര്യമാർ, മക്കൾ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു. ഷമീർ, അൻവർ, ഷമീറിന്റെ മക്കളായ സഫ്‌വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെ കുറിച്ച് വിവരമില്ലെന്നും പൊലീസ് പറഞ്ഞു. ഷമീറും കുടുംബവുമാണ് ആദ്യം ഐസിസിൽ എത്തിയത്. തുടർന്ന് അൻവറും കുടുംബവും എത്തുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവർ ഐസിസിൽ ചേരാനായി രാജ്യം വിട്ടു എന്ന് കഴിഞ്ഞ ഡിസംബർ 13നാണ് വാർത്ത പുറത്തുവന്നത്. മൈസൂരിലേക്ക് യാത്ര പോകുന്നു എന്ന് അടുപ്പമുള്ളവരോട് പറഞ്ഞ് ഇവർ നവംബർ 20ന് നാട് വിട്ടത്. മടങ്ങി വരാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ രാജ്യം വിട്ടതായി കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിയ ഇവർ അവിടെ നിന്ന് മുങ്ങിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്. ഐസിസിൽ ചേരാനായി പത്തുപേരും അഫ്ഗാനിസ്ഥാനിൽ എത്തിയെന്ന് പൊലീസ് സംശയിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ 35 പേർ ഐസിസിൽ ചേർന്നതായതാണ് വിവരം. ഇതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ഇതിന് മുൻപും കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്നവർ അഫ്ഗാനിസ്ഥാനിലാണ് എത്തിയിരുന്നത്. മുൻപ് കേരളത്തിൽ നിന്ന് പോയവരൊന്നും ഇപ്പോൾ ജീവനോടെയുള്ളതായി അറിവില്ല. അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിസൈലാക്രമണങ്ങളിൽ ഇവരെല്ലാം കൊല്ലപ്പെട്ടതായാണ് വിവരം. സിറിയയിലെയും ഇറാക്കിലെയും ഐസിസ് കേന്ദ്രങ്ങൾ ഭൂരിഭാഗവും ആക്രമണങ്ങളിൽ തകർന്നതിനെ തുടർന്നാണ് അഫ്ഗാനിസ്ഥാനിൽ ഐസിസ് കേന്ദ്രീകരിക്കുന്നത്