തളിപ്പറമ്പ്: സമ്മാനത്തുക ലഭിച്ച ലോട്ടറിയുടെ ഒറിജിനലിനെ വെല്ലുന്ന പകർപ്പെടുത്ത് സ്റ്റാളുകളിൽ നിന്ന് വ്യാപകമായി പണം കവരുന്നു.തളിപ്പറമ്പിലാണ് കൂടുതലായും ഈ തട്ടിപ്പ് അരങ്ങേറുന്നത്.ചെനയന്നൂരിലെ ലോട്ടറി സ്റ്റാൾ ഉടമ കെ.കെ.ബാലകൃഷ്ണന് ഇത്തരത്തിൽ കഴിഞ്ഞ ദിവസം ആയിരം രൂപയാണ് നഷ്ടമായി.
ജനുവരി 24 ന് നറുക്കെടുത്ത കാരുണ്യ പ്ലസ് പി.ടി 587261 നമ്പർ ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയാണ് ബാലകൃഷ്ണന്റെ കടയിൽ നിന്ന് പണം തട്ടിയത്. സൂഷ്മമായി പരിശോധിച്ചാൽ പോലും തട്ടിപ്പ് കണ്ട് പിടിക്കാൻ പ്രയാസകരമാണെന്ന് സ്റ്റാളുടമകൾ പറയുന്നു. പിറകിൽ സീലുമുണ്ട്. സീലിൽ തലശ്ശേരി എന്നു മാത്രമാണ് തെളിയുന്നത്. കണ്ണൂരിലെ ലോട്ടറി ഓഫീസിൽ വച്ച് നടത്തിയ പരിശോധനയിൽ മാത്രമാണ് തട്ടിപ്പ് മനസിലായത് . സംഭവത്തിൽ പൊലീസിൽ പരാതി നൽകാനിരിക്കുകയാണ് സ്റ്റാളുടമകൾ. ലോട്ടറി വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. തട്ടിപ്പിനിരയാവുന്നവരിലധികവും ചെറുകിട ലോട്ടറി കച്ചവടക്കാരും സാധാരണ ലോട്ടറി വിൽപ്പന തൊഴിലാളികളുമാണ്.