പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഭക്തിഗാനങ്ങൾ അടങ്ങിയ സി.ഡി. സംഗീതജ്ഞൻ വി.ടി. മുരളി പ്രകാശനം ചെയ്തു. ക്ഷേത്രം ആചാര സ്ഥാനികൻ മടത്തുംപടി കണ്ണൻ കോമരം ഏറ്റുവാങ്ങി. രാജീവൻ പച്ച അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എച്ച്.എൽ. ഹരിഹര അയ്യർ, വർക്കിംഗ് ചെയർമാൻ പി.എ. സന്തോഷ്, ജനറൽ കൺവീനർ പി. തമ്പാൻ, എ.വി. ശശി, രമേശൻ പെരിന്തട്ട,
സി.പി. സൂരജ് ബാബു, സ്നേഹ സതീഷ്, പി.വി. അജയൻ, സുധീർ മാവില എന്നിവർ സംസാരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, സി.പി. സൂരജ് ബാബു, എ.വി. ശശി എന്നിവരാണ് ഗാനരചന നിർവഹിച്ചത്. രമേശൻ പെരിന്തട്ട, സുധീർ മാവില എന്നിവർ സംഗീതം നൽകി. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, ഗണേഷ് സുന്ദരം, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
കടവത്തൂരിൽ തുറന്ന സംവാദം
പാനൂർ: ദൈവം. മതം, മനുഷ്യൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരി 2ന് വൈകിട്ട് 4.30 ന് കടവത്തൂർ ടൗണിൽ തുറന്ന സംവാദം നടത്തും. ഡയറക്ടർ നിച്ച് ഓഫ് ട്രൂത്ത് എം.എം. അക്ബർ, ആദിൽ മജീദ് സംസാരിക്കും. അബു പാറാട്, എൻ.കെ അഹമ്മദ് മദനി, ടി. അഷറഫ്, സി.എച്ച്. ഇസ്മയിൽ ഫറൂഖ്, കളത്തിൽ അബ്ദുൾ സലാം, കെ.പി. യൂസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഫണ്ട് വിനിയോഗത്തിൽ അവഗണന
പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു
പാനൂർ: ഫണ്ട് വിനിയോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരോട് അവഗണന കാട്ടിയെന്ന് ആരോപിച്ച് പാനൂർ നഗരസഭായോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. വികസന പ്രവർത്തനങ്ങളിലെ ഫണ്ട് യു.ഡി.എഫ്. കൗൺസിലർമാർക്കു മാത്രമായി വീതിച്ചു. റോഡ് വികസനത്തിന്റെ കാര്യത്തിലും ഏകപക്ഷീയമായ നിലപാടാണ് ഭരണസമിതിയുടേത്.
വാർഡ്സഭയിലെ തീരുമാനത്തിന് കൗൺസിൽ യോഗത്തിൽ അംഗീകാരം കിട്ടിയാലും പാർട്ടി ഓഫീസിലെ നിർദ്ദേശം അനുസരിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാറ്റുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു.
വിശദീകരണം നൽകാൻ ചെയർമാന് സാധിച്ചുമില്ല. ഇതോടെ പ്രതിഷേധിച്ച് മുദ്യാവാക്യം വിളിയോടെ ഇറങ്ങി പോയ പ്രതിപക്ഷം നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.
കെ.കെ. സുധീർ കുമാർ, കോടൂർ ബാലൻ, പി.കെ. രാജൻ, ഇ.കെ. മനോജ് എന്നിവർ സംസാരിച്ചു. പ്ലക്കാർഡേന്തി ടൗണിൽ പ്രകടനവും നടത്തി. നഗരസഭ രൂപീകരണം മുതൽ കടുത്ത അവഗണനയാണ് എൽ.ഡി.എഫ്. നേരിടുന്നത്. എന്നിട്ടും നാടിന്റെ പുരോഗതി ലക്ഷ്യമിട്ട് അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ സഹകരിച്ചു. എന്നാലിനി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് കെ.കെ. സുധീർ കുമാർ പറഞ്ഞു.
പ്രതിപക്ഷമില്ലാതെ കെ.വി. റംലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭരണകക്ഷി കൗൺസിലരിൽ ചിലർ രൂക്ഷ വിമർശനം ഉന്നയിച്ചു. വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൗൺസിലർ അറിയാതെ ഉദ്യോഗസ്ഥരെ വാർഡുകളിലയച്ച് സർവേ നടത്തുകയാണെന്ന് കോൺഗ്രസ് കൗൺസിലർ മീപ്പുര ചന്ദ്രൻ ആരോപിച്ചു. മതിയായ പഠനമില്ലാതെയാണ് ക്ഷേമ പെൻഷൻ പരിഗണിക്കുന്നതെന്ന് നിഷിത ചന്ദ്രനും പറഞ്ഞു.