നീലേശ്വരം: പള്ളിക്കര റെയിൽവെ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന സമീപന റോഡ് പരിസരവാസികൾക്ക് ദുരിതമാകുന്നു. റെയിൽ പാളത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇപ്പോൾ പണിത റോഡാണ് സമീപവാസികൾക്ക് ദുരിതമായത്. റോഡിന്റെ അരികിനോട് താമസിക്കുന്നവർക്ക് റോഡ് പണിതതോടെ വീട്ടിലേക്ക് കയറാനോ വീട്ടിലേക്ക് വാഹനം കയറ്റാനോ സാധിക്കുന്നില്ല. റോഡ് പണിതതുതന്നെ ഒന്നര മീറ്ററോളം താഴ്ചയിലാണ്. ഇതോടെ കുട്ടികളും പ്രായമായരും റോഡിൽ നിന്ന് വീട്ടിലേക്ക് കയറാൻ ഏറെ പ്രയാസമനുഭവിക്കുകയാണ്.

റോഡ് പണിയുമ്പോൾ തന്നെ പരിസരവാസികൾ കരാറുകാരനെ വിവരം ധരിപ്പിച്ചിരുന്നുവെങ്കിലും വീട്ടുകാർക്ക് റോഡിൽ നിന്ന് കയറാനോ വാഹനം കയറ്റാനോ സൗകര്യമൊരുക്കിയിട്ടില്ല. അതുകൂടാതെ നിലവിൽ പണിത റോഡിലിട്ട ജില്ലിപ്പൊടി പാറുന്നതിനാൽ വീട്ടിലിരിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പ്രായമായവർക്കും കുട്ടികൾക്കും പൊടിപടലം കൊണ്ട് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. മേൽപ്പാലത്തിന് സ്ഥലം വിട്ടുകൊടുക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല എന്ന ഉറപ്പോടെയാണ് എല്ലാവരും സ്ഥലംവിട്ടു കൊടുത്തത്.

കെ. കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം കെ.സി ലൈജുമോന്
കാസർകോട്: ദീർഘകാലം കേരള കൗമുദി ലേഖകനും പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന കെ. കൃഷ്ണന്റെ സ്മരണയ്ക്ക് കാസർകോട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് ദേശാഭിമാനി ലേഖകൻ കെ.സി ലൈജുമോൻ അർഹനായി. നാളെ പകൽ 2.30ന് പ്രസ്‌ക്ലബിൽ നടക്കുന്ന കെ കൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് അവാർഡ് സമ്മാനിക്കും. കേരള സാഹിത്യ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം ഇ.പി രാജഗോപാലൻ കെ. കൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തും.