തൃക്കരിപ്പൂർ: ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിൽ ഉയർത്തിയ ധ്വജസ്തംഭത്തിൽ വെങ്കലചെമ്പ് പൊതിയിൽ പൂർത്തിയായി. തുടർന്ന് എള്ള് നിറക്കൽ കർമത്തിൽ നിരവധി പേർ പങ്കു കൊണ്ടു. ഫെബ്രുവരി ആറിന് രാവിലെ 7.45 മുതൽ 8.45 വരെയുള്ള മുഹൂർത്തത്തിൽ ദേവ പ്രതിഷ്ഠയും ഒൻപതിന് രാവിലെ എട്ടുമണിക്ക് ധ്വജ പ്രതിഷ്ഠയും നടക്കും.

പഞ്ഞിമിഠായി പിടിച്ചെടുത്തു

കാസർകോട്: കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഇതരസംസ്ഥാന കച്ചവടക്കാർ വിൽപനയ്ക്ക് കൊണ്ടുവന്ന പഞ്ഞിമിഠായി ഭക്ഷ്യ സുരക്ഷാവിഭാഗം പിടിച്ചെടുത്തു. നിരോധിത കളറായ 'റോഡമിൻ ബി' ചേർത്ത മിഠായിയാണ് പിടിച്ചെടുത്തത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവയാണ് ഇവ. ഇത്തരത്തിലുള്ള മിഠായികൾ വാങ്ങിക്കഴിക്കരുതെന്നും ആരെങ്കിലും വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 8943346610

ബി.ജെ.പി നേതൃയോഗം

കാസർകോട്: മഞ്ചേശ്വരത്തും കാസർകോടും വർഗീയ കലാപത്തിന് ആസൂത്രിതമായ നീക്കം നടത്തിയത് സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കാസർകോട് ലോക്‌സഭാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സഹസംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, കാസർകോട് ലോകസഭാ മണ്ഡലം പ്രഭാരി അഡ്വ. പി.പ്രകാശ് ബാബു, ദേശീയ സമിതിയംഗം എം. സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക്, സമിതിയംഗങ്ങളായ പി.സുരേഷ്‌കുമാർ ഷെട്ടി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, പി. രമേശ് തുടങ്ങിയവർ സംബന്ധിച്ചു.