ചെറുവത്തൂർ: വേനൽ ശക്തമായിട്ടും ജലസേചനത്തിന് സിവിൽ സപ്ലൈസ് വഴിയുന്ന മണ്ണെണ്ണ പെർമിറ്റ് ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ. രണ്ടാം വിള നെൽകർഷകർക്കായി ഡിസംബറിൽ നൽകിയിരുന്ന പെർമിറ്റാണ് ഫെബ്രുവരിയായിട്ടും ഫയലിൽ ഉറങ്ങുന്നത്. മഴമാറി നെല്ല് കരിഞ്ഞ് തുടങ്ങിയതോടെ കരിഞ്ചന്തയിൽ നിന്നും വൻ വിലയ്ക്ക് മണ്ണെണ്ണ വാങ്ങിയാണ് ഇപ്പോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്നത്. യന്ത്ര സഹായത്താൽ നെൽവയലുകളിൽ ജലസേചനം നടത്താൻ ഡിസംബർ മുതൽ മെയ് വരെയാണ് പെർമിറ്റ് നൽകുക. ഇത്തവണ ഇത് പ്രതിസന്ധിയിലായതോടെ 70 രൂപ വരെ നൽകി പെട്രോളും മണ്ണെണ്ണയും വാങ്ങിയാണ് പമ്പുകൾ പ്രവർത്തിപ്പിക്കുന്നത്. കീടങ്ങളും രോഗങ്ങളും കൃഷി നശിപ്പിക്കുന്നതിനിടെയാണ് പെർമിറ്റ് നിഷേധിക്കുന്നതും ഇരുട്ടടിയായത്. ഇതോടെ ചെറുവത്തൂർ, പിലീക്കോട് പഞ്ചായത്തുകളിലെ തിമിരി, മുഴക്കോം, മലപ്പ്, പാടാളം, കുണ്ടുവയൽ ഭാഗങ്ങളിലെ നെൽകർഷകർ അധികൃതരെ സമീപിച്ച് തുടങ്ങിയിട്ടുണ്ട്. ഒരേക്കർ നെൽക്കൃഷിയുള്ള കർഷകന് മാസത്തിൽ 20 ലിറ്റർ മണ്ണെണ്ണയാണ് നേരത്തെ റേഷൻ വിലയിൽ നൽകിയിരുന്നത്. പിന്നീടത് 10 ലിറ്ററാക്കി ചുരുക്കി. ഈ വർഷം അതുമില്ലാത്ത അവസ്ഥയിലായി. അപേക്ഷയിൽ നടപടി സ്വീകരിക്കുമ്പോഴേക്കും വീണ്ടും കാലതാമസമുണ്ടാകും. ഈ മാസം അപേക്ഷ സ്വീകരിച്ചാലെ മാർച്ച് മാസത്തിലെങ്കിലും പെർമിറ്റ് വിതരണം ചെയ്യാൻ കഴിയുവെന്ന് കർഷകർ പറയുന്നു. ഇതിനിടെ വെള്ളം വറ്റിത്തുടങ്ങിയ വയലുകൾ കർഷകരെ ആശങ്കയിലാക്കുന്നു.