കാസർകോട്: എൽ.ഡി.എഫ് സർക്കാരിന്റെ 2019– 20 വർഷത്തെ ബഡ്‌ജറ്റിൽ കാസർകോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച കാസർകോട് പാക്കേജിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ 91 കോടി രൂപ അനുവദിച്ചത് എടുത്തുപറയേണ്ടതാണ്. ജില്ലയിലെ എം.പിയും എം.എൽ.എമാരും നിർദേശിക്കുന്ന പദ്ധതികൾക്ക് കലക്ടർ അധ്യക്ഷനായുള്ള ജില്ലാതല സമിതി ഈ തുക ചെലവഴിക്കുന്നതിനുള്ള മുൻഗണന തീരുമാനിക്കും. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പാക്കേജ് തുകയിൽ പദ്ധതികൾ നടപ്പാക്കും. കഴിഞ്ഞ ബഡ്‌ജറ്റിൽ 85 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്നുള്ള തുക ചെലവിട്ടുള്ള പദ്ധതികൾ നിർവഹണ ഘട്ടത്തിലാണ്. അതേസമയം ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ കാസർകോട് ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശാജനകമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതികരിച്ചത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടി
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടി രൂപയാണ് ബഡ്‌ജറ്റിൽ നീക്കിവെച്ചത്. ജില്ലയിലെ 11 പഞ്ചായത്തുകളിലുള്ള ദുരിതബാധിതരുടെ ക്ഷേമത്തിനും പുനരധിവാസ സൗകര്യങ്ങൾ ഒരുക്കാനുമാണ് തുക വിനിയോഗിക്കുക. മുളിയാറിൽ പദ്ധതിയിട്ട പുനരധിവാസ ഗ്രാമം ഇതിൽ ഉൾപ്പെടും.
സമാന്തര റെയിൽപാതയിൽ
4 മണിക്കൂറിൽ തിരുവനന്തപുരം
2020 ൽ നിർമാണം ആരംഭിക്കുന്ന തെക്കു വടക്ക് സമാന്തര റെയിൽപാത പൂർത്തിയായാൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിൽ എത്താം. നിലവിലുള്ള പാതയിൽ നിന്നും സ്വതന്ത്രമായ എലവേറ്റഡ് ഡബിൾ ലൈൻ പാതയായിരിക്കും ഇത്. പുതിയ പാതയുടെ ദൈർഘ്യം 515 കിലോമീറ്ററാണ്. നിലവിലുള്ള പാതയേക്കാൾ 65 കിലോമീറ്റർ കുറവ്. നിലവിലുള്ള പാതയുമായി തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ മാത്രമേ പുതിയ പാത ബന്ധപ്പെടുന്നുള്ളു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 55,000 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. വിദേശ വായ്പകളും നാട്ടിൽ നിന്നുള്ള ധനാഗമ മാർഗങ്ങളും ഉപയോഗപ്പെടുത്തും. ഏഴ് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. പ്രതിവർഷം 10 ശതമാനമായി വർധിക്കുന്ന റോഡ് ട്രാഫിക്കിന്റെ കുരുക്ക് ആഴിക്കുന്നതിന് പാത സഹായിക്കും.
മെഡിക്കൽ കോളേജ് വേഗത്തിലാകും
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് 232 കോടി രൂപ നീക്കി വെച്ചതിലുള്ള വിഹിതം ഉക്കിനടുക്കയിൽ നിർമാണം നടക്കുന്ന കാസർകോട് മെഡിക്കൽ കോളേജിനും ലഭിക്കും. മെഡിക്കൽ കോളേജിന്റെ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. ആശുപത്രി ബ്ലോക്കിന്റെ നിർമാണം നടക്കുന്നു. കണ്ണൂർ സർവകലാശാലയ്ക്കായി നീക്കിവെച്ച 25 കോടി രൂപയിൽ ജില്ലയിലെ കോളേജുകൾക്കും വിഹിതം ലഭിക്കും. ചീമേനി വ്യാവസായ പാർക്കിന് ബജറ്റിൽ അംഗീകാരം ലഭിച്ചു. പ്രാരംഭമായി നാലുകോടി രൂപ വകയിരുത്തി.