കാസർകോട്: സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള അരക്കോടി രൂപയുടെ കായകൽപം അവാർഡ് നേടിയ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രിയെ ജില്ലാ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് എ.ജി.സി. ബഷീർ ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാൻലിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാനവാസ് പാദൂർ, ഫരീദ സക്കീർ, അഡ്വ. എ.പി. ഉഷ, മെമ്പർമാരായ ഡോ. വി.പി.പി മുസ്തഫ, അഡ്വ. കെ.ശ്രീകാന്ത്, എം. നാരായണൻ, ഇ. പദ്മാവതി, മുംതാസ് സമീറ, പി.വി പദ്മജ, സുഫൈജ ടീച്ചർ, ജോസ് പതാലിൽ, എം. കേളു പണിക്കർ, പുഷ്പ അമേക്കള, സെക്രട്ടറി പി. നന്ദകുമാർ, ഫൈനാൻസ് ഓഫീസർ ഷംനാദ്, നിർവ്വഹണ ഉദ്യോഗസ്ഥർ സംബന്ധിച്ചു.

തെയ്യം കെട്ട് മഹോൽസവം

നീലേശ്വരം: ചെറുവത്തൂർ കാരിയിൽ മുന്തിക്കോട്ട് തറവാട് ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം 2, 3. തിയ്യതികളിൽ നടക്കും. 2 ന് വൈകുന്നേരം 6.30ന് ദീപാരാധന, 7.30 ന് തിടങ്ങൽ: രാത്രി പത്തിന് അച്ചൻ ദൈവം, ചാമുണ്ഡി എന്നിവയുടെ പുറപാട് 3 ന് രാവിലെ മുതൽ പാടാർ കുളങ്ങര ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, ഉചൂളി കടവത്ത് ഭഗവതി, വിഷ്ണുമൂർത്തി,ഗുളികൻ എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്.

നൃത്ത വിദ്യാലയത്തിൽ പ്രകൃതി വിരുദ്ധം, അധ്യാപകനെതിരേ കേസ്

നീലേശ്വരം: നൃത്ത വിദ്യാലയത്തിൽ വെച്ച് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നൃത്താദ്ധ്യാപകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.നൃത്താദ്ധ്യാപകൻ രാജുവിനെതിരെയാണ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. നൃത്തം പഠിക്കാനെത്തിയ വിദ്യാർത്ഥിയെ വിദ്യാലയത്തിൽ വെച്ച് പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് കേസ്. പീഡനത്തിനിരയായതിന് ശേഷം മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യം ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ നീലേശ്വരം പൊലിസിൽ പരാതി നൽകുകയായിരുന്നു.

കെ കൃഷ്ണൻ അനുസ്മരണവും അവാർഡ് ദാനവും
കാസർകോട്: അധ്യാപകർ സർക്കാരിന്റെ സാംസ്‌ക്കാരിക കൂലിക്കാരാണെന്ന് കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഇ പി രാജഗോപാലൻ. ദീർഘകാലം കേരള കൗമുദി ലേഖകനും പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന കെ കൃഷ്ണന്റെ സ്മരണയ്ക്ക് കാസർകോട് പ്രസ് ക്ലബ് ഒരുക്കിയ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം ദേശാഭിമാനി ലേഖകൻ കെ.സി ലൈജുമോന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സമ്മാനിച്ചു. കെ.വി പത്മേഷ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ഗവ. പ്ലീഡർ പി.വി ജയരാജൻ, ജി.ബി വത്സൻ, പി. സുരേശൻ, സണ്ണിജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഒ.വി സുരേഷ് സ്വാഗതം പറഞ്ഞു.