കാസർകോട്: ജില്ലാ പഞ്ചായത്തിനു മുന്നിലെ പാതിവഴിയിൽ മുടങ്ങിയ ശില്‌പോദ്യാനത്തിന്റെ പ്രവൃത്തി അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും. ശില്പിയായ കാനായി കുഞ്ഞിരാമൻ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിലെത്തി നിർമ്മാണം പുനരാരംഭിക്കാമെന്ന് ധാരണയിലെത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് അറിയിച്ചത്. ശില്‌പോദ്യാനം പൂർത്തിയാക്കുന്നതിനായി 20 ലക്ഷം രൂപ മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് അധികാരികളിൽ ചിലരുമായുള്ള ധാരണപ്പിശകും പണം അനുവദിക്കാത്ത വിഷയവും തിരക്കുപിടിച്ച പ്രതിമ നിർമ്മാണവും ഉണ്ടായിരുന്നതിനാൽ കാനായി കുഞ്ഞിരാമൻ കാസർകോട് വന്നിരുന്നില്ല . ഇതേ തുടർന്ന് ശില്പനിർമ്മാണം പാതിവഴിയിലായ കാര്യം 'കേരളകൗമുദി' ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. കാനായി കുഞ്ഞിരാമൻ വരാമെന്ന് ഉറപ്പ് നൽകിയതോടെ മൂന്നുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അംഗീകാരത്തിനായി സമർപ്പിക്കുന്നതിനു മുന്നോടിയായി 2018-19 സാമ്പത്തിക വർഷത്തെ റിവൈസ്ഡ് ബജറ്റ് യോഗം അംഗീകരിച്ചു. ഒരു കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച പള്ളഞ്ചി ചെക്ക് ഡാം നാലിന് കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി.
കാഞ്ഞങ്ങാട് : ഗാന്ധിജിയെ ഹൃദയത്തിൽ സൂക്ഷിക്കുക? ഗോഡ്‌സെയെ തൂക്കിലേറ്റുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.കെ.നിശാന്ത് ഉദ്ഘാടനം ചെയ്തു. വിപിൻ കാറ്റാടി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ്‌ കാഞ്ഞങ്ങാട്, സിദ്ധാർത്ഥ് രവീന്ദ്രൻ, വി.ഗിനീഷ് എന്നിവർ സംസാരിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതർ ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് പിന്തുണയർപ്പിച്ചു കാസർകോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് ദുരിതബാധിതരും അമ്മമാരും ചേർന്ന് മാർച്ചും ധർണയും സംഘടിപ്പിച്ചു. സമരത്തിന് സാമൂഹ്യ പ്രവർത്തകർ പിന്തുണ നല്കാൻ എത്തിയിരുന്നു. രാവിലെ പത്ത് മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. മെഴുകുതിരി കത്തിച്ചു കൊണ്ട് പാലാറിലെ പി ബിന്ദു അവരുടെ മകൻ അഭിജിത്ത് , മുർഷിദ അവരുടെ മകൾ ഫാത്തിമ എന്നിവർ ചേർന്നാണ് മാർച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. എ ഗോവിന്ദൻ നായർ, വിജയാലക്ഷ്മി കടമ്പാർ , മുനീർ കണ്ടളം , പ്രേമചന്ദ്രൻ ചോമ്പാല , തോമസ് രാജ് , അജയകുമാർ, ശോഭ ചന്ദ്രാവതി, ഗോവിന്ദൻ തുടങ്ങയവർ പ്രസംഗിച്ചു.