മട്ടന്നൂർ: ഉളിയിൽ പാച്ചിലാളത്ത് സ്വകാര്യവ്യക്തിയുടെ വീടിനുമുന്നിലെ കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ നാടൻ ബോംബുകൾ കണ്ടെത്തി രണ്ട് ഉഗ്രശേഷിയുള്ള നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു.


ഉളിക്കൽ ഹെയർ സെക്കൻഡറി യിൽ സുവർണ ജൂബിലി ആഘോഷം
ഉളിക്കൽ : ഉളിക്കൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ സുവർണജൂബിലി ആഘോഷ സമാപനവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും നാളെ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എം എൽ എ കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്‌സാണ്ടർ, കെ.പി. ജയപാലൻ മാസ്റ്റർ എന്നിവർ വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പാൾ പി.കെ. ഗൗരി, പ്രഥമാദ്ധ്യാപിക കെ. വിമല, ടി.എ. കുര്യാക്കോസ്, കെ.വി. ലോറൻസ് എന്നിവർ പങ്കെടുത്തു.

നോക്കുന്നിടത്തെല്ലാം കുട്ടിച്ചാത്തന്മാർ: കോറോത്ത് ക്ഷേത്രാങ്കണം ദേവഭൂമിയായി

മാഹി : ചുവപ്പും, കറുപ്പും, വെള്ളയും ആടയാഭരണങ്ങളും മുഖത്തെഴുത്തുമുള്ള ഇരുപത്തിയൊൻപത് കുട്ടിച്ചാത്തന്മാർ ഒരേ സമയം കെട്ടിയാടിയപ്പോൾ പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രാങ്കണം ദേവഭൂമിയായി. ചെണ്ടയുടെ ദ്രുത താളത്തിനനുസരിച്ച് ചടുലമായ ചുവടുകളോടെ തെയ്യങ്ങൾ കത്തിയാളുന്ന പന്തങ്ങൾക്കിടയിൽ നിറഞ്ഞാടിയപ്പോൾ വിശ്വാസികൾ പ്രാർത്ഥനയോടെ കണ്ടുനിന്നു.

കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള കോലധാരികളും ചെണ്ടക്കാരുമാണ് തെയ്യങ്ങളെ ഒരുക്കിയത്. സൂചി കുത്താനിടമില്ലാത്ത വിധം ജനങ്ങൾ ശാസ്തപ്പന്മാരുടെ കെട്ടിയാട്ടം കാണാനെത്തിയിരുന്നു.തീക്കുണ്ഠത്തിൽ ചാടുന്ന ഉച്ചിട്ട ഭഗവതിയും അനേകരെ ആകർഷിച്ചു. ഗുളികൻ, ഘണ്ടാകർണ്ണൻ, കാരണവർ തെയ്യങ്ങളും ഇതോടനുബന്ധിച്ച് കെട്ടിയാടി. ആയിരങ്ങൾക്ക് അന്നദാനവുമുണ്ടായി.


സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്രക്ക് പയ്യന്നൂരിൽ ഉജ്വല സ്വീകരണം

പയ്യന്നൂർ : കെ.പി.സി.സി. കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക യാത്രക്ക് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ ആദ്യ സ്വീകരണം നൽകി. പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനത്തിന്റെ ഉൽഘാടനവും അനുമോദന ചടങ്ങും ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ജയരാജ് അദ്ധ്യക്ഷനായി.എൻ.വി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.അനി വർഗീസ്, ഉണ്ണികൃഷ്ണൻ നായർ, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ, ടി.പി.ഭാസ്‌കര പൊതുവാൾ, ടി.പി.പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ അൻപതോളം കലാകാരന്മാരെ അനുമോദിച്ചു.ജാഥ ഫെബ്രുവരി 16ന് തിരുവനന്തപുരത്ത് സമാപിക്കും.ഇന്ന് രാവിലെ 8 മണിക്ക് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നിന്നും യാത്ര പുറപ്പെടും.