കോഴിക്കോട്: താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽഇളവ്. 12 വീൽ വരെയുള്ള ലോറികൾക്ക് പകൽ സമയത്ത് ഇളവ് അനുവദിക്കുന്നതിന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കണ്ടെയ് നർ ലോറികൾക്ക് നിലവിലുള്ള നിരോധനം തുടരും. രാത്രി 11 മുതൽ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാൻ തീരുമാനിച്ചു അമിതഭാരം തടയാൻ കർശന നടപടി സ്വീകരിക്കും പരിശോധന ശക്തമാക്കുന്നതിന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും മന്ത്രി നിർദേശം നൽകി. ചുരം റോഡ് പ്രവൃത്തി മാർച്ച് മാസത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ സാംബശിവറാവു, ആർ.ടി.ഒ ശശികുമാർ, താമരശേരി ഡിവൈ. എസ് .പി പി ബിജുരാജ്, ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ വിനയ രാജ, താമരശേരി തഹസിൽദാർ സി. മുഹമദ് റഫീഖ് ലോറി ഉടമസ്ഥ സംഘം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.