കൽപ്പറ്റ: വയനാടൻ മലനിരകളിൽ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന സസ്യത്തെ കള്ളാടിയിലെ പുൽമേടുകളിലാണ് കണ്ടെത്തിയത്. പുതിയ സസ്യത്തെ 'ലിപ്പാരിസ് ടൊർറ്റിലിസ്' എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുക.

എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം സലിം, ആലപ്പുഴ എസ് ഡി കോളേജിലെ ബോട്ടണി അദ്ധ്യാപകനായ ഡോ: ജോസ് മാത്യു, എം എസ് എസ് ആർ എഫിലെ മുൻ സ്ഥാപന മേധാവി ഡോ: വി.ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ശാസ്ത്ര സംഘമാണ് ഈ കണ്ടെത്തലിനു പിറകിൽ.

പിരിയൻ പൂങ്കുല, പച്ച നിറമാർന്ന പൂക്കൾ, വെളുത്ത വലിയ ഭൂകാണ്ഡം എന്നിവയാണ്
പുതിയ സസ്യത്തെ മറ്റുള്ള ലിപ്പാരിസിൽ നിന്ന് വേർതിരിക്കുന്നത്. ഏറെ മനോഹരങ്ങളായ പൂക്കൾ ഉണ്ടാവുന്ന സസ്യങ്ങളാണ് ലിപ്പാരിസുകൾ.

ഇതിനകം 16 ഓളം ലിപ്പാരിസുകളെയാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ സസ്യത്തെ സംബന്ധിച്ച വിശദവിവരങ്ങൾ സ്പിഷിസ് എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.