സുൽത്താൻ ബത്തേരി: കുറിച്ച്യാട് വന്യജീവി സങ്കേതത്തിലെ കൊമ്മഞ്ചേരി വനത്തിൽ നിന്ന് രണ്ട് വർഷം മുമ്പ് ഇതേ റെയ്ഞ്ചൽ പെട്ട കൊമ്പൻമൂല വനാതിർത്തിയിലേക്ക് താത്ക്കാലികമായി മാറ്റി താമസിപ്പിച്ച ആറ് കാട്ടുനായ്ക്ക കുടുംബങ്ങളുടെ പുനരധിവാസം ഇനിയും കടലാസ്സിൽ മാത്രം. ഇരുപത് പേരാണ് ഈ കുടുംബങ്ങളിലുളളത്. ഇവരുടെ ഇപ്പോഴത്തെ താമസസ്ഥലത്ത് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് ഇവർ കഴിഞ്ഞ് കൂടുന്നത്. മുമ്പ് വനാവകാശ നിയമ പ്രകാരം കൊമ്മഞ്ചേരിയിൽ ഭൂമി പതിച്ച് കിട്ടിയ ഇവരെ ആ കൊടുംവനത്തിൽ രൂക്ഷമായ വന്യജീവിശല്ല്യം കാരണമാണ് താത്ക്കാലികമായി കൊമ്പൻമൂലയിലേക്ക് മാറ്റിയത്.
എത്രയും പെട്ടന്ന് ഇവരെ വനത്തിന് പുറത്ത് പനരധിവസിപ്പിക്കുമെന്ന് രണ്ട് വർഷം മുമ്പ് ജില്ലാ കളക്ടർ ഉൾപെടെയുളളവർ നൽകിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഇവരെ മാറ്റി താമസിപ്പിക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്. കുറിച്ചയാട്, ഗോളൂർ, അമ്മവയൽ തുടങ്ങിയ ഇടങ്ങളിലെ പുനരധിവാസത്തിന് സമാനമായി ഇവരുടെ കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ട്.
വടക്കനാട് കാട്ടാന കൃഷി നശിപ്പിച്ചു
സുൽത്താൻ ബത്തേരി: വടക്കനാട് വനഗ്രാമത്തിലെ കല്ല്യാടിക്കൽ ലിജോയുടെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാന തെങ്ങ്,വാഴ,കാപ്പി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. വന്യ ജീവി ശല്ല്യത്തിന് പരിഹാരം തേടി വടക്കനാട് നിവാസികൾ ഒരു വർഷത്തിലേറെയായി സമരത്തിലാണ്.