കോഴിക്കോട്: വനിതാമതിൽ കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും വനിതാ കോട്ടയായി മാറി.
ജില്ലയുടെ വടക്കെ അതിർത്തിയായ അഴിയൂർ മുതൽ തെക്കെ അതിർത്തിയായ വൈദ്യരങ്ങാടി വരെയുള്ള 79.9 കിലോമീറ്റർ ദൈർഘ്യത്തിൽ 3 ലക്ഷം വനിതകളെ അണിനിരത്തുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നതെങ്കിലും സംഘാടകരെപ്പോലും അതിശയിപ്പിച്ച്കൊണ്ട് വൻ വനിതാമുന്നേറ്റമായിരുന്നു.
അഴിയൂരിൽ ഒഞ്ചിയം രക്തസാക്ഷി കണാരന്റെ മകൾ കോവുമ്മൽ മാധവി ആദ്യ കണ്ണിയായപ്പോൾ വൈദ്യരങ്ങാടിയിൽ ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്‌സൺ ഖമറുൽലൈല അവസാന കണ്ണിയായി.
കോഴിക്കോട് പ്രസ് ക്ലബിന് മുൻവശത്താണ് പ്രമുഖ വനിതകൾ അണിനിരന്നത്. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി. വത്സല, ഡോ. ഖദീജ മുംതാസ്, കെ. അജിത, കെ.പി. സുധീര, ബി.എം. സുഹറ, സി.എസ്. ചന്ദ്രിക, കബിതാമുഖോപാധ്യായ, ഇന്ദുമേനോൻ, ഡോ. ഫാത്തിമത് സുഹറ, ദീദിദാമോദരൻ, ഡോ. ആര്യാഗോപി എന്നിവരാണ് അണിനിരന്നവരിൽ പ്രമുഖർ. അഡ്വ. പി. സതീദേവിയാണ് വനിതാ മതിലിൽ പങ്കെടുത്തവർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രശസ്ത സിനിമാ നടി റീമാ കല്ലിങ്കലും പങ്കെടുത്തു.