kunnamangalam-death
സുരേഷ്‌ബാബു (50)

കുന്ദമംഗലം: മുക്കം റോഡിലെ ചെത്തുകടവിൽ അയൽ സംസ്ഥാന തൊഴിലാളി കുത്തേറ്റ്‌ മരിച്ച സംഭവത്തിൽ ഒരാളെ കുന്ദമംഗലം പൊലീസ് അറസ്‌റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി കനകരാജ് (50) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറര മണിക്ക് ചെത്തുകടവ് അങ്ങാടിയിൽ കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. കുന്ദമംഗലം പൊലീസെത്തി ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് കുരിക്കത്തൂർ ഉള്ളാട്ട്‌ചാലിൽ സുരേഷ്‌ബാബു (50) വിനെ അറസ്റ്റ്‌ ചെയ്‌തത്‌. ഞായറാഴ്‌ച രാത്രി മരിച്ച കനകരാജും അറസ്റ്റിലായ സുരേഷ് ബാബുവും തമ്മിൽ ചെത്തുകടവിൽ വെച്ച് മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. രാത്രി ഇരുവരും പിരിഞ്ഞു പോയെങ്കിലും പ്രതി ചെത്തുകടവിൽ തന്നെ താമസിച്ച് തിങ്കളാഴ്ച രാവിലെ കടയിൽ സാധനം വാങ്ങാനെത്തിയ കനകരാജുമായി വീണ്ടും വാക്കേറ്റമുണ്ടായി. തുടർന്ന്‌ കയ്യിലുണ്ടായ കത്തിയെടുത്ത്‌ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇയാൾ നടന്ന്‌ ചെത്തുകടവ്‌ ബസ്‌ സ്റ്റോപ്പിനു സമീപത്ത് വീഴുകയായിരുന്നു. കൊല നടത്തി മുങ്ങിയ പ്രതിയെ പെരുവഴിക്കടവ് സ്കൂളിന് സമീപം വെച്ചാണ് പൊലീസ് പിടികൂടിയത്. കുത്താനുപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെത്തുകടവിലെ ഒരു കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ സഹായമായിട്ടുണ്ട്.