കൽപ്പറ്റ: ഹർത്താലിൽ നഷ്ടം സംഭവിക്കുന്നവർക്ക് ഹർത്താൽ ആഹ്വാനം ചെയ്യുന്നവരിൽ നിന്നും, സർക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകുന്നതിന് നിയമസഹായം നൽകുമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പി.കെ.സുനിത പറഞ്ഞു. വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഹർത്താൽ വിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഹർത്താലുകൾ മൂലം വയനാടിന്റെ വ്യാപാര വാണിജ്യ മേഖലകൾക്ക് 80കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. തൊഴിൽ നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാവുന്ന നഷ്ടങ്ങളും സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഏറെയാണ്. ഹർത്താലുകൾ വയനാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹർത്താൽ വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് തീരുമാനിച്ചത്. ബന്ദും ഹർത്താലുകളും കേരള ഹൈക്കോടതി നിരോധിച്ചതാണ്. ഹർത്താൽ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. രാഷ്ട്രീയപാർട്ടികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കിയെടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുമെങ്കിലും നിയമനടപടികളെക്കുറിച്ചുള്ള അജ്ഞതമൂലവും പേടി മൂലവുമാണ് ജനങ്ങൾ ഇതിന് ശ്രമിക്കാത്തത്. ഹർത്താൽ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികൾ സൗജന്യമായി ചെയ്തുകൊടുക്കാൻ ചേമ്പർ ഓഫ് കൊമേഴ്സ് കൺവെൻഷനിൽ തീരുമാനിച്ചു.
നഷ്ടപരിഹാരത്തിനുള്ള ക്ലെയിംഫോമിന്റെ വിതരണോദ്ഘാടനവും നടത്തി. ക്ലെയിംഫോമുകൾ വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യക്കാർക്ക് സൗജന്യമായി നൽകും. നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള സാങ്കേതിക സഹായവുംചേമ്പർ ഓഫ് കൊമേഴ്സ് നൽകും.
പ്രസിഡണ്ട് ജോണി പാറ്റാനി അദ്ധ്യക്ഷനായി. അഡ്വ: ടി.എം.റഷീദ് വിഷയം അവതരിപ്പിച്ചു. ഡോ:വി.ജെ.സബാസ്റ്റ്യൻ, അഡ്വ:വെങ്കട സുബ്രഹ്മണ്യൻ, രഞ്ജിനി മേനോൻ, രഞ്ജിത്, വാഞ്ചീശ്വരൻ, സൈതലവി, കെ.എ.സബാസ്റ്റ്യൻ,ജോസ് കപ്യാർമല, അഡ്വ:പി.വേണുഗോപാൽ,മോഹൻ ചന്ദ്രഗിരി എന്നിവർ പ്രസംഗിച്ചു.