ചേളന്നൂർ: പുതുവത്സരദിനത്തിൽരണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ 1.15നാണ് അപകടം. ബാലുശ്ശേരി റോഡിൽ കാർ വർക്ക് ഷോപ്പിനു സമീപം ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചാണ് ദുരന്തം.
പട്ടർപാലം റോഡിൽ അഞ്ചാംവളവിനു സമീപം മയിലക്കാട്ട് പൊറ്റങ്ങാടി ജയന്റെ മകൻ അഭിഷേക് (മനു- 24), കണ്ണങ്കര പുനത്തിൽതാഴം ചിറക്കുഴി റോഡിൽ 'അപ്പുനിവാസിൽ വാളിപ്പുറത്ത് സുധാകരന്റെ മകൻ സ്‌നിജിൻ (കണ്ണൻ- 22), എന്നിവരാണ് മരിച്ചത്. വേങ്ങേരി ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഇരുവരെയും മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട്ടെ ബഡ്ജറ്റ് ഫാർമയിലെ ഫാർമ്മസിസ്റ്റാണ് സ്‌നിജിൻ. മാതാവ്: ജയശ്രീ (എൽ.ഐ.സി ), സഹോദരി: ജിസ്‌ന ( ഡെന്റൽ കോളേജ് വിദ്യാർത്ഥിനി). സഞ്ചയനം: ശനിയാഴ്ച്ച. മെഡിക്കൽകോളജ് ലാൽപാത്ത് ലാബ്‌സിലെ മെഡിക്കൽ റപ്രസേന്ററ്റീവ് ആയിരുന്നു അഭിഷേക്. മാതാവ്: സത്യ. ഏകമകനാണ്.