കൽപറ്റ: ഇനി എപ്പഴാ, മരിച്ചുകഴിഞ്ഞാണോ വീടു തരുന്നേ? പുൽപ്പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്ന് താഴെകാപ്പ് പണിയ കോളനിയിലെ വെളുക്കന്റെ ഭാര്യ കുങ്കിയുടേതാണ് ചോദ്യം. വാസയോഗ്യമായ വീടിനു വേണ്ടി വർഷങ്ങളായി നടത്തുന്ന പ്രയത്നം സഫലമാകാത്തതിലുള്ള വേദനയിലും അമർഷത്തിലുമാണ് കുങ്കി.
മധ്യവയസ് പിന്നിട്ട ആദിവാസി ദമ്പതികളാണ് വെളുക്കനും കുങ്കിയും. വെളുക്കന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടമായിരിക്കയാണ്. കൂലിപ്പണിക്കു പോകാൻ കഴിയില്ല. മക്കൾ ഉണ്ടെങ്കിലും മറ്റിടങ്ങളിലാണ് താമസം. കുങ്കിയുടെ അധ്വാനത്തിലാണ് കുടുംബം കഴിയുന്നത്.
പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഭിത്തികൾ ഇല്ലാത്ത ഷെഡിലാണ് വർഷങ്ങളായി വെളുക്കനും കുങ്കിയും താമസം. സർക്കാർ സഹായത്തോടെ പതിറ്റാണ്ടുകൾ മുമ്പ് നിർമിച്ച വീട് കാലപ്പഴക്കംമൂലം നിലം പൊത്തിയപ്പോഴാണ് തട്ടിക്കൂട്ടിയ ഷെഡിൽ ഇവർ താമസമാക്കിയത്. ഇതിനു പിന്നാലെ തുടങ്ങിയതാണ് പുതിയ വീടിനുള്ള ശ്രമം. താഴെക്കാപ്പ് കോളനിയിൽ വാസയോഗ്യമായ വീടില്ലാത്ത ഏതാനും കുടുംബങ്ങളിൽ ഒന്നാണ് കുങ്കിയുടേത്. പുതിയ വീട് അനുവദിക്കണമെന്ന ആവശ്യം ഊരുകൂട്ടവും ഗ്രാമസഭയും അംഗീകരിച്ചതാണെന്ന് കുങ്കി പറയുന്നു. പഞ്ചായത്തിൽ അപേക്ഷയും നൽകിയതാണ്. എങ്കിലും പഞ്ചായത്തിലെ പട്ടികവർഗ ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ കുങ്കിയുടെ പേരില്ല. പുരയുടെ കാര്യം പഞ്ചായത്ത് മെമ്പറോടു അന്വഷിക്കുമ്പോൾ പാസായി വരട്ടെ എന്നാണ് പല്ലവിയെന്ന് കുങ്കി പറയുന്നു.
പടം
വെളുക്കനും കുങ്കിയും താമസിക്കുന്ന ഷെഡിനു മുന്നിൽ.