കൽപ്പറ്റ: ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്ന, വെള്ളമുണ്ട ആസ്ഥാനമായ കെയർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി വെള്ളമുണ്ട ചാൻസിലേഴ്സ് ഫുട്‌ബോൾ ക്ലബ്ബുമായി ചേർന്ന് ഫെബ്രുവരി ആദ്യവാരം
വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ
വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിന്നേഴ്സിനും റണ്ണേഴ്സിനും രണ്ടു ലക്ഷം രൂപയുടെ സമ്മാനം നൽകുന്ന ടൂർണമെന്റ് മലബാറിലെ ഏറ്റവും വലിയ പ്രൈസ്മണി ടൂർണമെന്റായിരിക്കുമെന്ന് അവർ പറഞ്ഞു.

സെവൻസ് ഫുട്‌ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ മികച്ച 16 ടീമുകൾ പങ്കെടുക്കും. ജിംഖാന തൃശൂർ, ഫിഫ മഞ്ചേരി, ജവഹർ മാവൂർ, സൂപ്പർസ്റ്റുഡിയോ മലപ്പുറം, സെബാൻ കോട്ടയ്ക്കൽ തുടങ്ങി എസ്.എഫ്.ഐ.യിൽ രജിസ്റ്റർ ചെയ്ത ടീമുകൾ മാത്രമാണ് മത്സരത്തിൽ
പങ്കെടുക്കുന്നത്.

ഒ.ആർ.കേളു എം.എൽ.എ., വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് തങ്കമണി, ജില്ലാ പഞ്ചായത്തംഗം ടി.കെ.അസ്മത്ത്, കുനിങ്ങാരത്ത് അബ്ദുൾ നാസർ തുടങ്ങിയവർ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. പി.കെ.അമീൻ ചെയർമാനും കെ.റഫീഖ് ജനറൽ കൺവീനറും ഇ.കെ.ഹമീദ് ട്രഷററുമാണ്.

20 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മന്ത്രിമാർ, സാംസ്‌കാരിക നായകന്മാർ, കലാകായിക
സിനിമാരംഗത്തെ പ്രമുഖർ തുടങ്ങിയവർ ഗ്രൗണ്ടിലെത്തും.

കെയർ ചാരിറ്റബിൾ ട്രസ്റ്റ് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് വീടുകളുടെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. സേവന പ്രവർത്തനങ്ങളുടെ സാമ്പത്തിക സമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ട്രസ്റ്റ് ഭാരവാഹികളായ കുനിങ്ങാരത്ത് ജംഷീർ, കുനിങ്ങാരത്ത് നൗഫൽ, ആലാൻ സിറാജ്, തോണിക്കടവൻ നിയാസ് എന്നിവരും സംഘാടകസമിതി ഭാരവാഹികളായ ചെയർമാൻ പി.കെ.അമീൻ, ജനറൽ കൺവീനർ കെ.റഫീഖ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൈപ്പാണി ഇബ്രാഹിം, ഫിനാൻസ് കമ്മിറ്റി
ചെയർമാൻ കെ.കെ.സുരേഷ്, കൺവീനർ ഇ.കെ.ഹമീദ്, ജനറൽ ജോയിന്റ് കൺവീനർ ഹാരിസ് മിന്നൻകോടൻ എന്നിവർ പങ്കെടുത്തു.