കുറ്റ്യാടി: നാദാപുരം, കുറ്റ്യാടി, മലയോര പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങൾ വ്യാപകമായി കാർഷീക വിളകൾ നശിപ്പിക്കുന്നു. നരിപ്പറ്റ പഞ്ചായത്തിൽ കാട്ടാന ശല്യം ജനങ്ങളെ പ്രയാസപെടുത്തുമ്പോൾ കായക്കൊടി പഞ്ചായത്തിലെ മുണ്ട്യോട്ട്, കോളി തെറ്റ്, കരിങ്ങാട് ഭാഗങ്ങളിൽ നിരന്തരമായ കുരങ്ങ് ശല്യം വർദ്ധിക്കുകയാണ്. കുരങ്ങുകൾ കൃഷി തോട്ടങ്ങളിൽ എത്തി തെങ്ങിൻ തൈകകൾ പിഴുതെടുത്ത് വിത്തിനുള്ളിലെ വസ്തുക്കൾ തിന്നുകയും തെങ്ങിൻ മുകളിൽ കയറി ഇളനീർ പറിച്ചെടുത്തു വലിച്ചെറിയുകയും ചെയ്യുകയാണ്. മുള്ളൻ പന്നികൾ ചേമ്പ്, ചേന ,മറ്റു കിഴങ്ങുവർഗങ്ങളും പിഴുതെടുത്ത് ഭക്ഷിച്ചതിന് ശേഷം ചെടികൾ പിഴുതെടുത്തുകളയുകയാണ്. കാവിലുംപാറ, മരുതോങ്കര, വാണിമേൽ പഞ്ചായത്തുകളിലെ കർഷകരും ഏറെ പ്രതിസന്ധിയിലാണ്. കാർഷിക വിളകളുടെ വില കുറവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കൊണ്ട് കർക്ഷകർ പ്രതിസന്ധി നേരിടുമ്പോൾ വന്യമൃഗങ്ങൾ വിള നശിപ്പിക്കുന്നത് കർഷകരുടെ നട്ടെല്ലൊടിക്കുന്നതിന് തുല്ല്യമാണെന്നും ശക്തമായ നടപടികൾ അധികാരികൾ കൈകൊള്ളണമെന്നും കോഴിക്കോട് ജില്ലാ കർഷക കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് കോരങ്കോട് മൊയ്തു ആവശ്യപെട്ടു.