കൽപ്പറ്റ: സർക്കാർ ശമ്പളം കൈപ്പറ്റി ജോലി സമയത്ത് സ്വകാര്യ സ്ഥാപനങ്ങളിലും എയ്ഡഡ് അൺഎയ്ഡഡ് സ്‌കൂളുകളിലും എൻട്രൻസ് കോച്ചിങ്ങ് എടുക്കുന്ന അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സ്‌കോളർ സപ്പോർട്ട് എന്ന പേരിൽ അവധി ദിവസങ്ങളിലും അധികസമയത്തും പണം പിരിച്ച് സർക്കാർ സ്‌കൂളുകളിൽ നടത്തിവരുന്ന കോച്ചിങ്ങ് ക്ലാസുകൾ വിദ്യാർത്ഥികളിൽ മാനസിക പിരിമുറക്കത്തിനിടയാക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സമാനമായ കാരണത്താലാണ് ദ്വാരക സേക്രട്ട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അദ്ധ്യാപകനെതിരെ ആത്മഹത്യാ കുറിപ്പെഴുതി വച്ച് തീകൊളുത്തി മരിച്ചത്.

അനധികൃതമായി നടത്തുന്ന ക്ലാസുകൾ അവസാനിപ്പിക്കണമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.