വടകര: ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് വായനശാലയ്ക്ക് സമീപം വീട് കുത്തി തുറന്ന് മൂന്ന് ലക്ഷം രൂപയും സ്വർണ്ണവും കവർന്നു. പുള്ളോട്ട് അനന്തന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് കിടപ്പ് മുറിയിൽ ഷോകെയിസിൽ സൂക്ഷിച്ച പണവും സ്വർണ്ണാഭരണവും കവർന്ന ശേഷം വീടിന്റെ പിൻഭാഗത്തെ പറമ്പിൽ ഷോകെയ്‌സ് ഉപേക്ഷിച്ചു. അനന്തന്റെ മകൻ ശബ്ദം കേട്ട് ഉണർന്നെങ്കിലും ടോർച്ച് മുഖത്തടിച്ച് മോഷ്ട്ടാവ് ഓടി രക്ഷപ്പെട്ടു. വാതിലിന്റെ ടവർ ബോൾട്ട് നീക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. വടകര സി.ഐ ടി. മധുസൂദനൻ നായർ, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.