മാനന്തവാടി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കാനായി 500 മുതൽ 1000 കുട്ടികൾ വരെ പഠിക്കുന്ന മാനന്തവാടി മണ്ഡലത്തിലെ 10 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം ലഭിക്കും. സംസ്ഥാനത്തെ 444 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നതും കഴിഞ്ഞ വർഷം ഫണ്ട് ലഭിക്കാത്തതുമായ ജിഎച്ച്എസ്എസ് തലപ്പുഴ, ജിഎച്ച്എസ് വാളാട് എന്നിവയ്ക്ക് 3 കോടി രൂപ ലഭിക്കും.കിഫ്ബി ഫണ്ട് വഴിയാണ് ഈ പണം അനുവദിക്കുക.ഇത്രയും തുക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം വലിയ തോതിൽ മെച്ചപ്പെടുമെന്നും, സർക്കാർ വിദ്യാലയങ്ങളുടെ മുഖഛായ മാറുമെന്നും മാനന്തവാടി എം.എൽ.എ ഒ ആർ കേളു പറഞ്ഞു.
ഗവ.യുപിഎസ് തലപ്പുഴ, ജിഎച്ച്എസ്എസ് തൃശിലേരി, ഗവ.എച്ച്എസ് വാരാമ്പറ്റ, ഗവ.എച്ച്എസ്എസ് ആറാട്ടുത്തറ,ജിഎച്ച്എസ്എസ് കുഞ്ഞോം, ഗവ.എച്ച്എസ്എസ് നീർവാരം, ഗവ.എച്ച്എസ് പേര്യ,ഗവ.യുപിഎസ് മാനന്തവാടി, ഗവ.എച്ച്എസ് തരുവണ, ഗവ.യുപിഎസ് തരുവണ എന്നീ സ്‌കൂളുകൾക്കാണ് ഭൗതിക സാഹചര്യം വർദ്ധിപ്പിക്കാൻ ഒരു കോടി വീതം ലഭിച്ചത്.