കൽപ്പറ്റ: കൃഷി വകുപ്പും വാസുകി ഫാർമേഴ്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാർഷിക സെമിനാറും വാസുകിയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും കോലമ്പറ്റ വാസുകി ഫാർമേഴ്സ് ഫാക്ടറി സമുച്ചയത്തിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകമാർ നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. കർഷകർ സംരംഭകരായി മാറിയാൽ മാത്രമേ കൃഷിയിൽ വിജയം കൊയ്യാൻ സാധിക്കൂ എന്ന് കൃഷിമന്ത്രി പറഞ്ഞു. കേരളത്തിലെ ഉല്പാദനം കൂടുന്ന സമയത്ത് വിലകുറയുന്ന സാഹചര്യമുണ്ട്. അതിനുകാരണം കർഷകരുടെ ഉൽപന്നങ്ങളുടെ വില നിർണയിക്കുന്നത് കമ്പനികളും കച്ചവടക്കാരുമാണെന്നതാണ്. മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കർഷകർ തന്നെ വില തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്സാണ്ടർ, എസ് എച്ച് എം ഡെപ്യൂട്ടി ഡയറക്ടർ സാം മാത്യു, വിജയൻ ചെറുകര തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി വൈസ് ചെയർമാൻ സജി കാവനക്കുടി സ്വാഗതവും കൃഷി ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു.