കൽപ്പറ്റ: രാജ്യത്തിന്റെ സമസ്തമേഖലകളെയും നശിപ്പിച്ചുകൊണ്ട് ജനാധിപത്യ ധ്വംസനവും, അഴിമതിയും നടത്തി സ്വജനപക്ഷപാതവുമായി മുന്നോട്ടുപോകുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണം അവസാനിപ്പിക്കേണ്ടത് നാടിന്റെ ജനാധിപത്യത്തിനും. സ്വസ്ഥതയ്ക്കും ആവശ്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളിൽ എ.ഐ.സി.സി നടത്തുന്ന നേതൃസമ്പർക്കത്തിന്റെ ഭാഗമായി വയനാട് ഡിസിസി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം പിണറായി വിജയന്റെ ധാർഷ്ട്യമാണ്. ബി.ജെ.പിയും, സി.പി.എമ്മും നടത്തുന്ന ആക്രമണങ്ങൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും, അക്രമ പരിപാടികളിൽനിന്ന് ഇരുവിഭാഗങ്ങളും വിട്ടുനിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ഭാരവാഹികളായ സുമ ബാലകൃഷ്ണൻ, ശരത്ചന്ദ്രപ്രസാദ്, എ.പി അനിൽകുമാർ, സ്വപ്ന, അജയ്‌മോഹൻ, മണക്കാട് സുരേഷ്, പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ, പികെ ജയലക്ഷ്മി. കെ.സി റോസക്കുട്ടി, കെ.എൽ പൗലോസ്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥൻ, പി പി ആലി, കെ വി പോക്കർ ഹാജി, വി എ മജീദ്, കെ കെ വിശ്വനാഥൻ മാസ്റ്റർ, പ്രൊഫ. പി തോമസ്, സി.പി വർഗീസ്, എൻ.കെ വർഗീസ്, എം.എ ജോസഫ്, ഒ.വി അപ്പച്ചൻ, മംഗലശ്ശേരി മാധവൻ, എടക്കൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ അനിൽകുമാർ സ്വാഗതവും ഉലഹന്നാൻ നീറന്താനം നന്ദിയും പറഞ്ഞു.