പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡല പരിധിയിൽ വരുന്ന എല്ലാ കർഷകരേയും ഇൻഷൂർ ചെയ്യുന്നതിനുളള നടപടി കൃഷിഭവൻ മുഖേന ആരംഭിക്കും. തൊഴിലുറപ്പ് തൊളിലാളികളെ ഉപയോഗിച്ച് കൃഷി വിപൂലീകരിക്കുമെന്നും തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര മണ്ഡലം തരിശുരഹിതമാക്കുന്നതിന് പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി വർദ്ധിപ്പിച്ച് തരിശുരഹിതമാക്കുകയാണ് കൃഷി വകുപ്പിന്റേയും സംസ്ഥാന സർക്കാരിന്റേയും ലക്ഷ്യം. പ്രാദേശിക സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മണ്ണിനനുകൂലമായ കൃഷി നടത്തുന്നതിന് കൃഷി വകുപ്പിന്റേയും ത്രിതല പഞ്ചായത്തുകളുടേയും സഹകരണം ഉണ്ടാകണം. കേന്ദ്ര സർക്കാറിന്റെ മാനദണ്ഡങ്ങളേക്കാൾ ലഘുവായ രീതിയിൽ കൂടുതൽ ഉയർന്ന നിരക്കിലാണ് സംസ്ഥാന സർക്കാർ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. കൃഷി ഓഫീസർമാർ, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളെയും കർഷകരേയും വിളിച്ച് ചേർത്ത് കൃഷിയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കണം. കൃഷിയെ സംബന്ധിച്ച വിവരങ്ങൾ ഓഫീസർമാർ ത്രിതല പഞ്ചായത്തുകൾക്കു കൂടി നൽകണം. ത്രിതല പഞ്ചായത്തുകൾ തനതുഫണ്ടിൽ നിന്ന് കൂടുതൽ സംയോജിത കാർഷിക പദ്ധതികൾ തയ്യാറാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുറ്റ്യാടി ജലസേചന പദ്ധതിയിലെ ജലം കുടിവെളളം ആവശ്യത്തിനുശേഷം കൃഷിയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.