വടകര: നിർദിഷ്ട കുഞ്ഞിപ്പള്ളി റെയിൽവെ മേൽപ്പാലം ഗതാഗതത്തിന് തുറക്കുന്നതിന് മുമ്പ് ദേശീയപാതയിൽ സിഗ്‌നൽ സംവിധാനം ജംഗ്ഷൻ സ്ഥാപിക്കൽ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ ഒരുക്കി അപകട സാധ്യതകൾ ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ ദിശാബോർഡും ഗതാഗത നിയന്ത്രണ സംവിധാനവും മാത്രം ഒരുക്കി മേൽപ്പാലം തുറന്ന് കൊടുത്താൽ അപകട സാധ്യത ഏറെയാണ്. ദേശീയപാത വികസിപ്പിക്കുമ്പോൾ മാത്രം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മതിയെന്ന ദേശീയപാത പിഡബ്ല്യുഡി വിഭാഗത്തിന്റെ നീക്കത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. താലൂക്കിലെ ആറായിരത്തിൽപരം വരുന്ന പുതിയ റേഷൻ കാർഡുകൾ അടുത്തമാസം വിതരണം നടത്തുമെന്ന് സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു. റേഷൻ കാർഡിന് അപേക്ഷ കൊടുത്ത ദിവസം തന്നെ അത് ലഭിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള നടപടികൾ തുടങ്ങിയതായും സപ്ലൈ ഓഫീസർ അറിയിച്ചു.കോഴിക്കോട്, കുറ്റ്യാടി, തൊട്ടിൽപാലം ബൈരക്കുപ്പ വഴി മൈസൂർ റോഡ് ദേശീയപാതയായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വടകര നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കരണം മൂലം ഗതാഗത തടസം രൂക്ഷമായതായി പരാതി ഉയർന്നു. ട്രാഫിക് പരിഷ്‌കരണ സമിതിയിൽ യോഗത്തിൽ ജനപ്രതിനിധികൾ, തൊഴിലാളി സംഘടനകൾ എന്നിവയ്ക്ക് പുറമെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷനായി. തഹസിൽദാർ ടി.കെ സതീഷ് കുമാർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ രാജൻ, എ.ടി ശ്രീധരൻ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സമിതിയംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ടി.വി ബാലകൃഷ്ണൻ, പി.എം അശോകൻ, പി.കെ ഹബീബ് എന്നിവർ സംസാരിച്ചു.