പേരാമ്പ്ര: അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ വടകര ആർഡിഒ വി.പി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സമാധാന കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. മേഖലയിലുണ്ടായ രാഷ്ട്രീയ അനിഷ്ട സംഭവങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ,റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങളെ എകകണ്‌ഠേന അപലപിച്ചു. ആർ.ഡി.ഒ അദ്ധ്യക്ഷനായി. സബ് കലക്ടർ വിഘ്‌നേശ്വരി ഐഎഎസ്, ഡിവൈ.എസ്പി ഇ. സുനിൽ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സുനിഷ്, തഹസിൽദാർ മധുസൂദനൻ നായർ, വിവിധ കക്ഷികളെ പ്രതിനിധികരിച്ച് എൻ.പി ബാബു (സിപിഎം) ഇ.കുഞ്ഞിരാമൻ (സിപിഐ) കെ. ലോഹ്യ, (ജെഡിയു ) കെ. സജീവൻ (എൽജെഡി) വത്സരാജ് ( ബിജെപി) വി. കുഞ്ഞമ്മദ് (എസ് ഡി.പി.ഐ) എന്നിവർ സംബന്ധിച്ചു. യോഗത്തിൽ നിന്ന് യൂ ഡിഎഫ് പ്രതിനിധികൾ വിട്ടുനിന്നു.