പേരാമ്പ്ര : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഹയർസെക്കൻഡറി തുല്യത കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. പത്താംതരം വിജയിച്ച ശേഷം പഠനം തുടരാൻ കഴിയാത്തവർ, പത്താം തരം തുല്യത കോഴ്‌സ് വിജയിച്ചവർ എന്നിവരാണ് കോഴ്‌സിൽ ചേർന്ന് പഠിക്കുന്നത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത മനയ്ക്കൽ കോഴ്‌സിലെ പഠിതാവായ ലാലി ജേക്കബിന് പുസ്തകം കൈമാറി. മൂസ്സ കോത്തമ്പ്ര, വി.കെ.സുമതി, കിഴക്കയിൽ ബാലൻ, സൗഫി താഴെക്കണ്ടി, ടി.പി. റീന, കെ.വി. കുഞ്ഞിക്കണ്ണൻ, ആർ.ബി. കവിത, ശ്രീനി മനത്താനത്ത്, വി.രാധാകൃഷ്ണൻ, കെ.കെ.സുലോജന എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി തുല്യത കോഴ്‌സ് സെന്റർ കോ-ഓർഡിനേറ്റർ സി. ഗോവിന്ദൻ സ്വാഗതവും മേരി കുര്യാക്കോസ് നന്ദിയും പറഞ്ഞു.

പടം : ഹയർസെക്കണ്ടറി തുല്യത കോഴ്‌സിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനംമന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കുന്നു


സ്‌നേഹനിധി പദ്ധതിയുമായി പുറ്റാട് ഗവ. എൽപി സ്‌കൂൾ

പേരാമ്പ്ര : കുട്ടികളിൽ പരസഹായ ശീലം, ദീനാനുകമ്പ, ദയ, കാരുണ്യം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പുറ്റാട് ഗവ.എൽ.പി സ്‌കൂളിൽ സ്‌നേഹനിധി പദ്ധതിക്ക് തുടക്കമായി. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഓരോരുത്തർക്കും ഒരു തൂത്തി (കുഞ്ചി) നൽകി. അതിൽ അവരുടെ കഴിവിനനുസരിച്ച് നിക്ഷേപിക്കുന്ന തുക വരുന്ന മാർച്ച് 20ന് ഒന്നാം ഘട്ടം സ്‌കൂളിലെത്തിക്കണം. സമാഹരിക്കുന്ന തുക അർഹരായവർക്ക് എത്തിച്ച് കൊടുക്കും.

പാതിരാത്രിയിൽ ഉത്തരവുകൾ ഇറക്കുന്നത് അവസാനിപ്പിക്കണം; കെ.എച്ച്.എസ്.ടി.യു

പേരാമ്പ്ര : ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പാതിരാത്രിയിൽ ഉത്തരവുകൾ ഇറക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അറിയിപ്പ് സ്‌കൂൾ സമയം കഴിഞ്ഞ് അദ്ധ്യാപകരും വിദ്യാർത്ഥികളും വീടുകളിലെത്തിയതിനു ശേഷം വാട്‌സ് ആപ്പ് വഴി പുറത്ത് വിട്ട നടപടിയിൽ യോഗം പ്രതിഷേധിച്ചു. ഇതുകാരണം പല ഹയർ സെക്കൻഡറി സ്‌കൂളുകളും ഇന്നലെ പ്രവർത്തിച്ചില്ല. അദ്ധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ ഇത്തരം ഉത്തരവുകൾ അസമയങ്ങളിൽ പുറപ്പെടുവിച്ചാൽ ശക്തമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന സെക്രട്ടറി നിസാർ ചേലേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷമീം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൾ ലത്തീഫ്, അൻവർ അടുക്കത്ത്, കെ.വി. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.