സുൽത്താൻ ബത്തേരി: വനത്താൽ ചുറ്റപ്പെട്ട വടക്കനാട് ഗ്രാമത്തെ വന്യജീവി ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന ഗവൺമെന്റ് നടപ്പാക്കാൻ തീരുമാനിച്ച പദ്ധതികൾ അട്ടിമറിയ്ക്കുന്ന വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്ന് വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപ്പാക്കുന്ന ഉദ്യോഗസ്ഥ രാജ് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
എട്ട് മാസം മുമ്പ് മൈസൂർ വനത്തിലേക്ക് കാട്കയറിയ കാട്ടുകൊമ്പൻ വീണ്ടും വടക്കനാട് ഗ്രാമത്തിലെത്തി പരിഭ്രാന്തി പരത്തുകയാണ്.കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ തിരിച്ചെത്തിയ ഈ കൊമ്പൻ ഇതുവരെയായി പതിനേഴ് കർഷകരുടെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശമാണ് ഉണ്ടാക്കിയത്. വൈകീട്ട് ഏഴ് മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. ജനുവരി 22 മുതൽ ജീവനും സ്വത്തിനും സംരക്ഷണം തേടി മൂന്നാം ഘട്ട സമരം തുടങ്ങുമെന്നും ഇവർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സമിതി നേതാക്കളായ ഫാ.ജോബി മുക്കാട്ടു കാവുങ്കൽ,ബെന്നി കൈനിക്കൽ,പി.കെപ്രേമൻ,കരുണാകരൻ വെളളക്കെട്ട് തുടങ്ങിയവർ പങ്കെടുത്തു.
സി.പി.എം. മാർച്ച് നടത്തി
സുൽത്താൻ ബത്തേരി: രൂക്ഷമാകുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. മൂലങ്കാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.