കൽപ്പറ്റ: ബത്തേരി വടക്കനാട് പന്തനാൽ പി.പി. തോമസ് (43) കൊല ചെയ്യപ്പെട്ട കേസിൽ ഒന്നാം പ്രതി കിടങ്ങനാട് പാമ്പനാട് മോഹനനെ (57) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി രണ്ട് ജഡ്ജി എൻ വിനോദ് കുമാറാണ് വിധി പറഞ്ഞത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ്‌കുമാർ കേസിൽ ഹാജരായി.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം തടവും അമ്പതിനായിരം രൂപ പിഴയും ആംസ് ആക്ട് 25 പ്രകാരം ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ആംസ് ആക്ട് 27 പ്രകാരം ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ആണ് ശിക്ഷ. ബത്തേരി പൊലിസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസ് 2011 ഒക്ടോബർ ഒമ്പതിനാണ് നടന്നത്. രാത്രി ഒമ്പത് മണിക്ക് തോമസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മോഹനൻ നാടൻ തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ചുണ്ടാട്ട് ജോസിനെയും മൂന്നാം പ്രതി പുളിക്കൽ ജോസിനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ബത്തേരി സി.ഐ. വിശ്വംഭരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് കേസ് അന്വേഷിച്ച സി.ഐ. വി.വി. ലതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എ.എസ്. ഐ. മാരായ ഉമ്മർ, ശശികുമാർ എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒന്നാംപ്രതി കിടങ്ങനാട് ഈച്ചകുന്ന് പാമ്പനാൽ മോഹനനെ(58) കോടതി കുറ്റക്കാരനാണന്ന് ശനിയാഴ്ചയാണ് കണ്ടെത്തിയത്. 2011 ഒക്ടോബർ 9നാണ് മോഹനൻ കിടങ്ങനാട് പന്തനാൽ തോമസ് (47)നെ നാടൻതോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്നത്. മോഹനനെതിരെ മോശമായി സംസാരിക്കുകയും നായാട്ട് നടത്തുന്ന കാര്യം അധികൃതരെ അറിയിക്കുമെന്ന പറയുകയും ചെയ്തതിന്റെ വൈര്യാഗ്യമായിരുന്നു കാരണം. രാത്രി എട്ടുമണിയോടെ തോക്കുമായി തോമസിന്റെ വീട്ടിലേക്ക് പോയ മോഹനൻ വീട്ടിലേക്കുള്ള വഴിയിൽ തോക്ക് വെച്ചു.തുടർന്ന് വീട്ടിലെത്തി തോമസിനെ പ്രകോപിപ്പിച്ച് പുറത്തിറക്കുകയും മോഹനനെ പിടികൂടുന്നതിന്നായി പുറകെയെത്തിയ തോമസിനെ വഴിയിൽ വെച്ച് തോക്കു കൊണ്ട് വെടിവെയ്ക്കുകയുമായിരുന്നു. പുലർച്ചയോടെ തന്നെ മോഹനനെ പൊലീസ് പിടികൂടി. കുറ്റപത്രം 2014 ജൂലൈ 30ന് കോടതിയിൽ പൊലീസ് സമർപ്പിച്ചു.